കൊച്ചി: ഭാര്യയെ വിശ്വാസമില്ലെന്നും മക്കളുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്നും ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തൃശൂർ വലപ്പാട് സ്വദേശിയായ എഴുപത്തേഴുകാരൻ സമർപ്പിച്ച ഹർജിയാണു തള്ളിയത്. തന്റെ 68 വയസുള്ള ഭാര്യയ്ക്കു പരപുരുഷ ബന്ധമുണ്ടെന്നാരോപിച്ചാണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ പിതൃത്വവും ജീവനാംശവുമൊക്കെ നിർണയിക്കാൻ ഡിഎൻഎ പരിശോധയ്ക്ക് ഉത്തരവിടുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഈ ഹർജിയിൽ ആരോപിക്കപ്പെടുന്ന കേസിൽ മക്കൾ പ്രായപൂർത്തിയായവരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യത, അന്തസ്, ആത്മാഭിമാനം എന്നീ കാരണങ്ങളാൽ മക്കൾ ടെസ്റ്റിനോടു സഹകരിച്ചില്ലെങ്കിൽ കോടതിക്ക് ഒന്നും ചെയ്യാനാവില്ലെന്നും പ്രായപൂർത്തിയായ മക്കളോട് രക്തസാന്പിൾ പരിശോധനയ്ക്കു നൽകാൻ നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പിതൃത്വം തെളിയിക്കാനല്ല, ഭാര്യയുടെ പരപുരുഷബന്ധം പുറത്തുകൊണ്ടുവരാനാണ് ഹർജിക്കാരൻ ഡിഎൻഎ പരിശോധന ആവശ്യപ്പെടുന്നത്. ഇതനുവദിക്കരുതെന്നു മക്കൾ വാദിക്കുന്നു. ഡിഎൻഎ ടെസ്റ്റിന് ഉത്തരവിടുന്നതുപോലും സാധുവായ വിവാഹബന്ധത്തിൽ ജനിച്ചു വളർന്ന കുട്ടികൾക്ക് അപമാനമുണ്ടാക്കും. ആ നിലയ്ക്കു ഹർജി തള്ളിയ കുടുംബക്കോടതിയുടെ വിധിയിൽ തെറ്റില്ല ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.