ആശുപത്രിയിൽ വച്ച് കുഞ്ഞുങ്ങളെ മാതാപിതാക്കൾക്ക് കൈമാറിയപ്പോൾ പരസ്പരം മാറിപ്പോയി. വർഷങ്ങൾക്ക് ശേഷം വീട്ടുകാർ സത്യം മനസിലാക്കുന്നു. കേൾക്കുന്പോൾ ഒരു സിനിമാ കഥയുടെ വൺലൈൻ പോലെ തോന്നുമെങ്കിലും യഥാർഥത്തിൽ നടന്ന സംഭവമാണിത്.
ഹോംഗും അവരുടെ ഭർത്താവും മകൾ ലാനും അടങ്ങുന്ന വിയറ്റ്നാമിലെ ഒരു കുടുംബത്തിൽ നടന്നതാണിത്. കൗമാരക്കാരിയായ മകൾക്ക് മാതാപിതാക്കളുടെ യാതൊരു മുഖ സാദൃശ്യവുമില്ലാതെ വന്നതോടെ നാട്ടുകാരും കൂട്ടുകാരും പരിഹസിക്കാൻ തുടങ്ങി. അതോടെ ഹോംഗിനെയും ഭർത്താവ് സംശയിച്ചു.
സംശയം മൂത്ത ഭർത്താവ് ഹോംഗിനെ ഉപദ്രവിക്കാനും തുടങ്ങി. നിക്കക്കള്ളിയില്ലാതെ മകളെയും കൂട്ടി ഹോംഗ് മറ്റൊരു നാട്ടിലേക്ക് പോയി. ലാനിനെ അവിടുത്തെ സ്കൂളിൽ ചേർക്കുകയും ചെയ്തു. അങ്ങനെ ലാനിന്റെ ജൻമദിനത്തിന് ചോക്കലേറ്റുകളുമായി അവൾ സ്കൂളിലെത്തി. അന്നേ ദിവസം അവളുടെ സുഹൃത്തിന്റെയും ജൻമദിനം ആയിരുന്നു.
ഇരുവരുടേയും ജൻമദിനം സ്കൂളിൽ ഒന്നിച്ച് ആഘോഷിക്കുന്ന സമയത്താണ് ലാനിന്റെ സുഹൃത്തിന്റെ അമ്മ സ്കൂളിലെത്തിയത്. ലാനിനെ കണ്ടതോടെ സുഹൃത്തിന്റെ അമ്മ ഞെട്ടിപ്പോയി. തങ്ങളുടെ ഇളയ മകളുമായി ലാനിന് രൂപ സാദൃശ്യമുണ്ടെന്ന് മനസിലായതോടെ ഇക്കാര്യം ലാനിന്റെ വീട്ടിലും അറിയിച്ചു.
അതോടെ ഡിഎന്‍എ പരിശോധന നടത്താന്‍ കുടുംബങ്ങള്‍ തയാറായി. ഇരുകുട്ടികളുടെയും ഡിഎന്‍എ പരിശോധനാ ഫലം പരിശോധിച്ചപ്പോഴാണ് ആശുപത്രിയില്‍ വച്ച് കുട്ടികള്‍ മാറിപ്പോയതായി ഇരുകുടുംബങ്ങള്‍ക്കും വ്യക്തമായത്.
എങ്കിലും യാഥാർഥ്യം ഉൾക്കൊള്ളാൻ ഇരു കുടുംബങ്ങളും വളരെ പണിപ്പെട്ടു. ഇപ്പോഴിതാ കുറ്റകരമായ അനാസ്ഥയ്ക്ക് ആശുപത്രിക്കെതിരേ നിയമ നടപടിക്ക് ഒരുങ്ങുകയാണ് രണ്ട് കുടുംബങ്ങളും.