ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദർരാജനോട് ഇന്ധനവില വർധിക്കുന്നതിനെകുറിച്ച് ചോദ്യമുന്നയിച്ച വയോധികനായ ഒട്ടോറിക്ഷാ ഡ്രൈവറെ ബിജെപി നേതാവ് മർദിച്ചു.
ചെന്നൈയിൽ തമിഴിസൈ മാധ്യമങ്ങളെ കാണവെ പിന്നിൽനിന്നു ചോദ്യമുന്നയിച്ച റിക്ഷാ ഡ്രൈവറെ സമീപം നിന്നിരുന്ന മറ്റൊരു ബിജെപി നേതാവ് മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ സംപ്രേക്ഷണം ചെയ്തു. ഒരു നിമിഷം അമ്മാ, കേന്ദ്രം ഇന്ധന വില വർധിപ്പിക്കുന്നു എന്നാണ് റിക്ഷാ ഡ്രൈവർ പറഞ്ഞത്.
ഇതുകേട്ടെങ്കിലും തമിഴിസൈ ചിരിച്ചു. എന്നാൽ സമീപം നിന്നിരുന്ന ബിജെപി നേതാവ് ഇയാളെ മർദിക്കുകയായിരുന്നു.
കതിർ എന്ന ഓട്ടോ ഡ്രൈവറാണ് മർദനത്തിന് ഇരയായത്. ഇന്ധനവില വർധിപ്പിച്ചതിലുള്ള തൻറെ ആശങ്ക അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇന്ധന വില വർധിച്ചതിനെ തുടർന്ന് മുന്പ് ദിവസം 500 രൂപ ലഭിച്ചിരുന്നത് ഇപ്പോൾ 350 രൂപയായി കുറഞ്ഞെന്നും കതിർ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നു തെറ്റിധരിച്ചാണ് അദ്ദേഹത്തെ പിന്നിലേക്കു തള്ളിമാറ്റിയതെന്നു ബിജെപി നേതാക്കൾ വിശദീകരിച്ചു.