പെരുവന്താനം: പ്രകൃതി മനോഹാരിത തുളുമ്പിനിൽക്കുന്ന ഏകയം വെള്ളച്ചാട്ടം അടിമുടി അണിഞ്ഞൊരുങ്ങുന്നു. പെരുവന്താനം ടൗണിൽനിന്നു ആനച്ചാരി റൂട്ടിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ എകയം വെള്ളച്ചാട്ടത്തിനു സമീപമെത്താം.
സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകർഷിക്കത്തക്ക വിധത്തിലുള്ള എല്ലാ ഘടകങ്ങളാലും സമ്പന്നമാണ് ഏകയം വെള്ളച്ചാട്ടം.
കാടിന്റെ വശ്യത
കാടിന്റെ വശ്യതയിൽനിന്നു പാറക്കെട്ടുകളിലുടെ ഒഴുകി ഇറങ്ങുന്ന വെള്ളച്ചാട്ടമാണ് മുഖ്യ ആകർഷണം. കാടിനുള്ളിലെ മലനിരകളില്‍നിന്നു ഒഴുകിയെത്തുന്ന ശുദ്ധമായ ജലം എഴുപതടിയോളം ഉയരത്തില്‍നിന്നു പാറക്കെട്ടിലൂടെ ശക്തിയായി താഴേക്കു പതിക്കുന്ന ദൃശ്യമാണ് ഇവിടെയുള്ളത്.
കാലങ്ങളായുള്ള നീരൊഴുക്ക് ഇവിടെ പ്രകൃതിദത്തമായ വലിയ തടാകവും സൃഷ്ടിച്ചിട്ടുണ്ട്. ചുറ്റും വലിയ പാറക്കല്ലുകളാണ്. അത് അപകട സാധ്യത കൂട്ടുന്നുണ്ടെങ്കിലും സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥലമാകും ഏകയം.
വെള്ളച്ചാട്ടത്തിന്റെ ശബ്ദവും കാടിന്റെ വശ്യതയും പൂർണതയിൽ ആസ്വാദിക്കുവാൻ നേരിട്ടെത്തുകതന്നെ വേണം.
നിരവധി പദ്ധതികൾ
ഏകയം വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പുറംലോകം അറിയാൻ തുടങ്ങിയിട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളേ ആയുള്ളൂ. ഇപ്പോൾ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.
അപകടസാധ്യത ഒഴിവാക്കാനും സുരക്ഷാക്രമീകരണം ഒരുക്കാനുമായി ഒന്നരക്കോടി രൂപയുടെ നവീകരണം ഉടൻ തുടങ്ങും. സംസ്ഥാന സർക്കാർ അന്‍പതു ലക്ഷം രൂപ അനുവദിച്ചു.
ഉത്തരവാദിത്വ ടൂറിസം പദ്ധതിപ്രകാരം ഒന്നരക്കോടിയുടെ പദ്ധതി പഞ്ചായത്ത് തയാറാക്കി സമർപ്പിച്ചിരുന്നതിനെത്തുടർന്നാന്ന് അൻപതു ലക്ഷം അനുവദിച്ചത്.
ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ തുക അനുവദിച്ചിരിക്കുന്നത്. ഒരു കോടി രൂപ പഞ്ചായത്ത് പദ്ധതിക്കായി മാറ്റിവയ്ക്കും.
തൂക്കുപാലം വരും
ടൂറിസം വികസനത്തിന്റെ ഭാഗമായും സുരക്ഷാക്രമീകരണം ഒരുക്കുന്നതിന്റെ ഭാഗമായും നിരവധി പദ്ധതികളാണ് ഏകയത്ത് നടപ്പിലാക്കുന്നത്.
പുഴയുടെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം, ഏറുമാടങ്ങൾ, ജലസ്നാനത്തിനായി കുളിക്കടവുകൾ, വിശ്രമമുറി, ശുചിമുറി എന്നിവ നിർമിക്കുന്നതാണ് പദ്ധതി.
വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമായാൽ നാടിന്റെ സമഗ്ര പുരോഗതിക്കായിരിക്കും ഇതു വഴിവയ്ക്കുക.