തിരുവനന്തപുരം: അയല്‍വീട്ടിലെ വളര്‍ത്തുനായയെ കൊന്നു തിന്ന അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റു ചെയ്തു. ഡോബര്മാന് ഇനത്തില്‍ പെട്ട നായയെ കുത്തിക്കൊന്ന ശേഷം കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ചുട്ടുതിന്നുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരുടെയും പോലീസിന്റെയും നേരെ കത്തിയുമായി ചാടിയ ഇയാളുടെ കുത്തേറ്റ് ഒരു ചുമട്ടു തൊഴിലാളിയ്ക്കു പരിക്കേറ്റു. തുടര്‍ന്ന നാട്ടുകാര്‍ സാഹസികമായി ഇയാളെ കീഴടക്കുകയായിരുന്നു. അസം സ്വദേശിയായ വിക്ര(25)മാണ് പിടിയിലായത്. ചുമട്ടുതൊഴിലാളി ഹരിയുടെ കയ്യില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസുകാര്‍ക്കും മര്‍ദനമേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
അരശുംമൂട് തിപ്പെട്ടിക്ഷേത്രത്തിനു സമീപം ശിവം വീട്ടില്‍ ഹരികുമാറിന്റെ ഒന്നരവയസ്സുള്ള ഡോബര്‍മാനെയാണ് കൊന്നത്. ഹരികുമാറിന്റെ സഹോദരന്റെ കരാര്‍ കെട്ടിടനിര്‍മാണ ജോലിക്കാരില്‍ ഒരാളാണ് വിക്രം. ഉച്ചയോടെ ജോലികഴിഞ്ഞു പോയ ഇയാള്‍ ഹരികുമാറിന്റെ കൂട്ടിലിട്ടിരുന്ന നായയെ കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്നു കൂടിന്റെ ഗ്രില്ല് കുത്തിപ്പൊളിച്ചു പട്ടിയെ വലിച്ചിഴച്ച് ഏതാണ്ട് ഇരുനൂറു മീറ്റര്‍ ദൂരം വരുന്ന കാവുവിളയ്ക്കു സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി. പിന്നീടാണ് പട്ടിയെ വെട്ടി നുറുക്കി ചുട്ടുതിന്നത്. ഇതുകണ്ടു നിന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
പോലീസിനെ അറിയിച്ച ശേഷം നാട്ടുകാര്‍ എത്തിയ്പ്പോഴാണ് ചുമട്ടുതൊഴിലാളിയായ ഹരിയ്ക്കു കുത്തേറ്റത്. തുടര്‍ന്നു കഴക്കൂട്ടം പൊലീസ് എത്തിയെങ്കിലും അവര്‍ക്കു നേരെയും ഇയാള്‍ കത്തിയുമായി ചാടിവീണ് ആക്രമിച്ചു. ഒടുവില്‍ ചുമട്ടുതൊഴിലാളികള്‍ തന്നെ ഇയാളെ കീഴ്പ്പെടുത്തി പൊലീസിനെ ഏല്പിച്ചു. കോടതിയില്‍ ഹാജരാക്കിയശേഷം മാനസികചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചു. കഞ്ചാവിന്റെ ലഹരിയിലാണ് ഇയാള്‍ കൃത്യം ചെയ്തനെന്ന് പോലീസ് പറഞ്ഞു.