മലപ്പുറം: എടക്കരയിൽ വളർത്തുനായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് ഉടമയുടെ കൊടുംക്രൂരത.
നായയെ മൂന്ന് കിലോമീറ്ററോളം സ്കൂട്ടറിന്റെ പിന്നിൽ കെട്ടിവലിച്ചു. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
വീട്ടിൽ ശല്യമായ നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതാണെന്നാണ് ഉടമയുടെ വിശദീകരണം.
ചെരിപ്പ് ഉൾപ്പെടെ കടിച്ചുമുറിക്കുകയാണെന്നും വീട്ടിൽ നായ ശല്യമായി മാറിയെന്നും ഇയാൾ പറയുന്നു. നായയെ സ്കൂട്ടറിൽ കെട്ടിയ ശേഷം തുടക്കത്തിൽ വേഗം കുറച്ചാണ് ഇയാൾ സഞ്ചരിച്ചത്.
സ്കൂട്ടറിന്റെ വേഗത്തിൽ കിലോമീറ്ററുകളോളം നായ പിന്നാലെ ഓടി. കാഴ്ച കണ്ട നാട്ടുകാർ വിലക്കിയപ്പോൾ ഇയാൾ സ്കൂട്ടറിന് വേഗം കൂട്ടി ഓടിച്ചുപോയി.
ഈ സമയം വീണുപോയ നായയെ കെട്ടിവലിച്ചു. മൃഗസ്നേഹികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.