ബിലാസ്പുർ: മനുഷ്യക്കുഞ്ഞിനും കാവലായി അമ്മ നായ. ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയിലെ സരിസ്റ്റൽ ഗ്രാമത്തിലാണ് സംഭവം.
വയലിൽ ഉപേക്ഷിച്ച നവജാത ശിശുവിനാണ് പ്രസവിച്ച് കിടന്ന അമ്മ നായ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം സംരക്ഷണമൊരുക്കിയത്.
ഞായറാഴ്ച രാത്രിയിലാണ് കുഞ്ഞിനെ വയലിൽ ഉപേക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണ് സംഭവം അറിയുന്നത്. ഈ സമയം കുഞ്ഞിന് സമീപം അമ്മ നായ നിലയുറപ്പിച്ചിരുന്നു.
ഇതോടെ രാത്രി മുഴുവൻ കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ അമ്മ നായ സംരക്ഷിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾക്ക് വ്യക്തമായി.
എൻജിഒ ആയ ജീവ് ആശ്രയ ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടി പോലീസ് ആരംഭിച്ചു.