ഇതൊരു കെട്ടുകഥയല്ല. അടുത്തിടെ ആകാശത്ത് നടന്ന കഥയാണ്. രോഗിയുടെ ജീവൻ രക്ഷിക്കാൻ ഏതു മാർഗവും സ്വീകരിക്കാൻ ഡോക്ടർമാർ തയാറാകണമെന്ന് ഓർമപ്പെടുത്തുന്ന ഒരു ഡോക്ടറുടെ കഥയാണിത്. വിമാനയാത്രയ്ക്കിടെ മൂത്രം പോകാതെ ഗുരുതരാവസ്ഥയിലായ വയോധികനെ വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ രക്ഷപ്പെടുത്തിയ കഥ അദ്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാനാകൂ.
ചൈനയിൽനിന്നുള്ള വാസ്കുലർ സർജൻ ഷാങ് ഹോങാണ് കൃത്യസമയത്തുള്ള ഇടപെടലിലൂടെ സഹയാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. വായ ഉപയോഗിച്ച് മൂത്രം പുറത്തേക്ക് വലിച്ചെടുത്ത് രോഗിയെ രക്ഷപ്പെടുത്തിയ ആ ഡോക്ടറെ ലോകം നമിക്കുകയാണ്.
ഗ്വാങ്ഷുവിൽനിന്ന് ന്യൂയോർക്കിലേക്കു വന്ന ചൈന സതേണ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. യാത്രക്കാരന് മൂത്രതടസം നേരിടുന്നതായും സ്ഥിതി ഗുരുതരമാണെന്നും ക്യാബിൻ ക്രൂവാണ് വിവരം അറിയിച്ചത്. ഉടൻ തന്നെ ചികിത്സിക്കാൻ താൻ സന്നദ്ധനാണെന്ന് ഷാങ് അറിയിച്ചു.
നേരം കളയാതെ പരിശോധിക്കുകയും ചെയ്തു. മൂത്രമൊഴിക്കാൻ കഴിയാതിരുന്ന വൃദ്ധന്റെ മൂത്രാശയത്തിൽ ഏകദേശം ഒരുലിറ്ററോളം മൂത്രമുണ്ടായിരുന്നു. സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കിയതോടെ മൂത്രം പുറത്തെടുക്കാനായി ഡോക്ടറുടെ ശ്രമം. ഇതിനായി വിമാനത്തിൽ ലഭ്യമായിരുന്ന ഓക്സിജൻ മാസ്ക്, സിറിഞ്ച്, സ്ട്രോ തുടങ്ങിയവ ഉപയോഗിച്ച് ഷാങ് ഒരു ഉപകരണം നിർമിച്ചു.
ഇതിലൂടെ സിറിഞ്ച് ഉപയോഗിച്ച് മൂത്രം വലിച്ചെടുക്കാനായിരുന്നു പദ്ധതി. എന്നാൽ അത് പ്രാവർത്തികമാകില്ലെന്ന് കണ്ടതോടെ ഷാങ് തന്നെ വായ ഉപയോഗിച്ച് മൂത്രം വലിച്ചെടുക്കുകയായിരുന്നു. 37 മിനിറ്റുകൊണ്ട് ഏകദേശം 800 മില്ലിലിറ്റർ മൂത്രമാണ് ഇങ്ങനെ വലിച്ചെടുത്തത്. വിമാനം ലാൻഡ് ചെയ്തയുടൻ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗിയെ ചികിത്സിക്കാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ താൻ സഞ്ചരിക്കുമെന്ന് മണിച്ചിത്രത്താഴിൽ ഡോ.സണ്ണി പറഞ്ഞതോർമ്മയില്ലേ…ഡോ.ഷാങും അതാണ് ചെയ്തത്…