കുന്നംകുളം: താലൂക്കാശുപത്രിയിൽ പ്രസവിച്ചശേഷം അമിത രക്തസ്രാവത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.
ചൂണ്ടൽ വെള്ളാടന്പിൽ വിനോദ് ഭാര്യ ശ്രീജ (32) യാണ് മരിച്ചത്. മൂന്നാമത്തെ പ്രസവത്തിനായാണ് യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച്ച രാവിലെ ആറുമണിക്കാണ് യുവതി പ്രസവിച്ചത്.
പ്രസവത്തിനുശേഷം രക്തസ്രാവം നില്‍ക്കാതിരുന്ന സാഹചര്യത്തിൽ ചാർജുണ്ടായിരുന്ന ഡോക്ടറെ ആശുപത്രി ജീവനക്കാർ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നു ജീവനക്കാരും യുവതിയുടെ ബന്ധുക്കളും പരാതിപ്പെട്ടിരുന്നു.
പിന്നീട് മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി ഗുരുതരാവസ്ഥയിലായ യുവതിയെ ആബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിൽ എത്തുന്നതിനു മുന്‍പ് തന്നെ യുവതി മരിച്ചതായാണ് പറയുന്നത്.
രാവിലെ ആറിനു തന്നെ ഡോക്ടറെ ഫോണിൽ വിളിച്ചിട്ടും ഡോക്ടറെ ലഭിക്കാത്ത വിവരം ആശുപത്രി ജീവനക്കാർ യുവതിയുടെ ബന്ധുക്കളെയും അറിയിച്ചിരുന്നു.
എന്നാൽ ഒരു രോഗിക്കു നൽകാവുന്ന മുഴുവൻ ചികിത്സ നൽകിയതായും പിന്നീട് രക്തസ്രാവം കൂടിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശം നൽകിയതെന്നും ഇവരെ പരിശോധിച്ച ഡോക്ടർ അറിയിച്ചു.
പ്രസവിച്ച ആണ്‍കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഇതിനിടെ യുവതിയുടെ മരണത്തിൽ കുന്നംകുളം സർക്കാർ ആശുപത്രിക്കു ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും മനുഷ്യ ജീവൻ പന്താടുന്ന ആശുപത്രിയായി കുന്നംകുളം താലൂക്ക് ആശുപത്രി മാറിയതായും കോണ്‍ഗ്രസ് ആരോപിച്ചു.
കുന്നംകുളം താലൂക്ക് ആശുപത്രിക്ക് മുന്നിൽ കുന്നംകുളം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർമാർ പ്രതിഷേധിച്ച് കുത്തിയിരുപ്പ് സമരം നടത്തി..
ആശുപത്രിയിൽ ആവശ്യമായ ജീവനക്കാർ ഇല്ലാത്തതും നിലവിലുള്ള ചില ഡോക്ടർമാർക്ക് സാധാരണ ജനങ്ങളോടുള്ള മോശമായി സമീപനവും അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് കൗണ്‍സിലർമാർ പറഞ്ഞു.
കൗണ്‍സിലർമാരായ ബിജു സി ബേബി, ഷാജി ആലിക്കൽ, മിഷ സെബാസ്റ്റ്യൻ, മിനി മോൻസി, ലീല ഉണ്ണികൃഷ്ണൻ പ്രസുന്ന രോഷിത്ത് എന്നിവർ പങ്കെടുത്തു.