കെ.കെ. അര്ജുനന്
തൃശൂര്‍: ഈറന്‍ കണ്ണിനോ ദേവരൂപം…നീറും നെഞ്ചിനോ ശാന്തിമന്ത്രം…എന്ന സിനിമാഗാനം ഡോക്ടര്‍മാരെക്കുറിച്ചാണ്.. ആരോരുമില്ലാതെ നഗരത്തില്‍ അലഞ്ഞു തിരിയുന്നവരെ തേടി ഡോക്ടര്‍മാരെത്തുമ്പോള്‍ ഈ ഗാനം അന്വര്‍ഥമാകുന്നു. മനസില്‍ നന്മ വറ്റിയിട്ടില്ലാത്ത ഒരുകൂട്ടം യുവ ഡോക്ടര്‍മാരാണ് തെരുവോരങ്ങളിലേക്ക് ആരോരുമില്ലാത്ത രോഗികളെ തേടിയെത്തുന്നത്…സൗജന്യ ചികിത്സയുമായി. അവധിയുടെ ആലസ്യത്തില്‍ മയങ്ങിക്കിടക്കുന്ന ഞായറാഴ്ചകളില്‍ തൃശൂര്‍ നഗരത്തിലാണ് ഈ ഡോക്ടര്‍മാര്‍ റോഡരികിലെ അനാഥരെ തേടിയെത്തുന്നത്. വേണമെങ്കില്‍ സണ്‍ഡേ മൊബൈല്‍ ക്ലിനിക് എന്ന് ഇവരുടെ സേവനത്തെ വിളിക്കാം.
ഉറ്റവരും കൂടപിറപ്പുകളും ഇല്ലാതെ തെരുവോരങ്ങളില്‍ അലഞ്ഞനടക്കുന്നവരെ സമൂഹത്തിലെ ഭൂരിഭാഗവും അവജ്ഞയോടെ നോക്കിക്കാണുമ്പോള്‍ അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കാന്‍ ജാഗ്രതയോടെ വന്നണയുകയാണ് ഈ ഡോക്ടര്‍മാര്‍. ശുഷ്കിച്ച ശരീരവുംമുറിപ്പാടുകളുമായി നഗരവിഥികളിലുടെ അലയുന്ന എത്രയോപേര്‍ തൃശൂര്‍ നഗരത്തിലുണ്ട്. അസുഖംബാധിച്ച് തക്ക സമയത്ത് ചികിത്സ ലഭിക്കാതെ രോഗം കൂടി തെരുവില്‍ മരിച്ചുവീഴാന്‍ വിധിക്കപ്പെട്ട ഇവരെ രക്ഷിക്കാന്‍ ഒരുപറ്റം യുവ ഡോക്ടര്‍മാരാണ് ഞായറാഴ്ചകളില്‍ ഇവരെ ചികിത്സിക്കാന്‍ തയ്യാറായി നഗരത്തില്‍ സമയം ചിലവഴിക്കുന്നത്.
പുത്തന്‍പള്ളിയുടെ പരിസരത്തും ഹൈറോഡിലും ഡോക്ടര്‍മാരും നേഴ്സുമാരുമടക്കം പതിനഞ്ചുപേരാണ് തെരുവോരങ്ങളിലെത്തി അനാഥര്‍ക്ക് ചികിത്സ നല്‍കുന്നത്. തൃശൂര്‍ ജൂബിലി മെഡിക്കല്‍കോളജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്് ആതുരസേവനമെന്ന വാക്കിന് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തുന്നത്. കയ്യും കാലുമൊടിഞ്ഞും മുറിഞ്ഞും ശരീരത്തില്‍ വ്രണങ്ങള്‍ വന്നുപൊട്ടി ചലവും രക്തവും ഒലിച്ചൊഴുകുകയും ചെയ്യുന്ന രോഗികളെയെല്ലാം സ്നേഹസാന്ത്വനത്തോടെ പരിചരിക്കുന്നതില്‍ യാതൊരു മടിയും ഇവര്‍ കാണിക്കുന്നില്ല.
മുറിവുകള്‍ കഴുകി വൃത്തിയാക്കി മരുന്നുവെച്ച് കെട്ടിക്കൊടുക്കുകയും ബിപിയും ഷുഗറുമടക്കമുള്ളവ പരിശോധിച്ച് അതിനാവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇവര്‍ ചെയ്യുന്ന ഈ നല്ല കാര്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വനിതാ ഡോക്ടര്‍മാരടക്കമുള്ളവര്‍ സ്നേഹത്തോടെ വിലക്കി. ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്ന കാര്യമല്ലെന്നും ആരോരുമില്ലാത്തവര്‍ക്ക് നല്ല ചികിത്സ നല്‍കുകയെന്ന ലക്ഷ്യമേ ഇതിനുള്ളുവെന്നും അതിനാല്‍ ഫോട്ടോ എടുക്കരുതെന്നും പറഞ്ഞ്. തിരക്കില്ലാത്ത ഞായറാഴ്ച തെരഞ്ഞെടുത്തത് ഇതുകൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉറ്റവരും ഉടയോരുമില്ലാത്ത നിരാലംബര്‍ക്ക് ആശ്വാസവും ആശ്രയവും സാന്ത്വനവുമായി ഡോക്ടര്‍മാരെത്തുമ്പോള്‍ ആ സിനിമാപ്പാട്ടിന് തിളക്കമേറുന്നു…ഈറന്‍ കണ്ണിനോ ദേവരൂപം…നീറും നെഞ്ചിനോ ശാന്തിമന്ത്രം..