കണ്ണൂർ: ജീവിതശൈലി രോഗങ്ങൾ ഡോക്ടർമാരെയും പിടികൂടുന്നു. മലയാള സമൂഹത്തിന്റെ ഉറക്കംകെടുത്തുന്ന ഇത്തരം രോഗങ്ങൾ ഡോക്ടർമാരുടെ ജീവനും ഭീഷണിയാവുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ട മലയാളി ഡോക്ടർമാരിൽ 39.02 ശതമാനവും മരണത്തിനു കീഴടങ്ങിയത് ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്നാണ്.
24. 82 ശതമാനം പേരുടെ മരണത്തിന് ഇടയാക്കിയത് അർബുദവും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങൾക്കിടയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ .
മരിച്ച ഡോക്ടർമാരുടെ ശരാശരി പ്രായം 61 വയസു മാത്രമാണ്.എന്നാൽ രാജ്യത്തെ സാധാരണക്കാരുടെ ആയുർദൈർഘ്യം 67 വയസും കേരളത്തിലെത് 75 വയസുമാണ്. ആയിരത്തിലധികം ഡോക്ടർമാരാണു സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്.
2007 മുതൽ 2017വരെയായി സംസ്ഥാനത്ത് 282 ഡോക്ടർമാർ മരിച്ചതായി ഐഎംഎയുടെ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യ ശരീരത്തിലെ സ്പന്ദനങ്ങളും പ്രവർത്തനങ്ങളും നന്നായി മനസിലാക്കിയ ഡോക്ടർമാർക്ക് എവിടെയാണു വീഴ്ച പറ്റുന്നതെന്നു ഡോക്ടർമാരുടെ സംഘടനയ്ക്കു പോലും വ്യക്തതയില്ല. റോഡപകടങ്ങളിലും മറ്റും ജീവൻ നഷ്ടപ്പെട്ടവരുടെ കണക്കുകൾ വെറെയുമുണ്ട്.
പ്രമേഹം,കൊളസ്ട്രോൾ തുടങ്ങിയ നിരവധി രോഗങ്ങളും വർധിച്ചു വരുന്നതായും റിപ്പോർട്ടിലുണ്ട്. അതിനാൽ ജോലിസമയം ക്രമീകരിച്ചു വിനോദങ്ങൾക്കു സമയം ചെലവഴിക്കണമെന്നു റിപ്പോർട്ട് പറയുന്നു. ഡോക്ടർമാരുടെ ആയുസ് കുറയ്ക്കുന്ന ജീവിത ശൈലി രോഗങ്ങളുടെ പ്രധാനകാരണം മാനസിക സമ്മർദമാണെന്ന് ഐഎംഎ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഡോ.അനൂപ് കോശി അഭിപ്രായപ്പെട്ടു.
ഉറക്കമില്ലായ്മയും അമിതജോലി ഭാരവും വ്യായാമമില്ലാത്ത തിരക്കുപിടിച്ച ജീവിതവും ഇതിനു കാരണമാകുന്നു. ഇത്തരം അപകടകരമായ സാഹചര്യത്തിൽ ഡോക്ടർമാരുടെ ആയുസ് കുറയ്ക്കുന്ന രോഗങ്ങൾക്കെതിരെ ബോധവത്കരണം നടത്താൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മാർച്ചിൽ തലശേരിയിൽ സംസ്ഥാനത്തെ ഡോക്ടർമാരെ പങ്കെടുപ്പിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ആയുസിൽ ഇടിവ് സംഭവിക്കുന്ന പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ ആരോഗ്യകാര്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൂടുതൽ ഇടപെടലുകൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ആരോഗ്യപാലകർ എങ്ങനെയാണ് ഇത്തരം ആരോഗ്യഭീഷണിയിലായതെന്നു കണ്ടെത്താൻ വിശദമായ പഠനം അനിവാര്യമാണ്. മാത്രമല്ല, സർക്കാർ മുൻകൈയെടുത്തു സാമൂഹ്യ സുരക്ഷാപദ്ധതിയിൽ കൊണ്ടുവരണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു.
സജീവൻ പൊയ്ത്തുംകടവ്