മാവേലിക്കര: ആശുപത്രിയിലെ ഡോ. രാഹുൽ മാത്യുവിനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ധർണ നടത്തി.
ആരോഗ്യ പ്രവർത്തകർക്കെതിരെയും ഡോക്ടർമാർക്കെതിരെയും ദേശവ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത സമരത്തിൽ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും മാവേലിക്കര ജില്ലാ ആശുപത്രി ജീവനക്കാരുടെ സ്റ്റാഫ് കൗൺസിലും സംയുക്തമായാണ് ഗവ. ആശുപത്രിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത് .
ആക്രമണമുണ്ടായി 36 ദിവസം പിന്നിടുമ്പോഴും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹൈക്കോടതി ജാമ്യം നിഷേധിച്ച പ്രതിയെ മനപ്പൂർവ്വം പോലീസ് സംരക്ഷിക്കുകയാണെന്ന് ജീവനക്കാർ ആരോപിച്ചു.
കേരളത്തിൽ മാത്രം ആരോഗ്യ പ്രവർത്തകർക്കെതിരെ ഏഴ് സ്ഥലങ്ങളിൽ ആക്രമണമുണ്ടായി. ഡോക്ടർമാരും നഴ്സിംഗ് പാരാമെഡിക്കൽ, ഓഫീസ് തുടങ്ങി എല്ലാവിഭാഗം ആശുപത്രി ജീവനക്കാരും പ്രതിഷേധ ജാഥയിൽ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആശുപത്രിയിൽ പ്രതീകാത്മക ജയിൽ ഉണ്ടാക്കി അതിനുള്ളിൽ ഇരുന്നാണ് ഡോക്ടർമാർ രോഗികളെ പരിശോധിച്ചത്. അത്യാഹിത വിഭാഗവും ഗൈനക്കോളജി വിഭാഗം, കോവിഡ് ട്രയാജ് എന്നിവ പ്രവർത്തിച്ചു. വാക്സിനേഷന് എത്തിയവർക്കും ബുദ്ധിമുട്ടുണ്ടായില്ല.
യോഗത്തിൽ കെജിഎംഒഎ യൂണിറ്റ് കൺവീനർ ഡോ. ജയശങ്കർ, ഡോ. ശ്രീ പ്രസാദ്, കെജിഎൻഎ പ്രതിനിധി ബിന്ദു ഹനീഫ, ടെസി എബ്രഹാം, ഫർമസിസ്റ്റ് കൃഷ്ണകുമാർ, നഴ്സിംഗ് അസിസ്റ്റന്റ് ഷിബു, ജലജ എന്നിവർ സംസാരിച്ചു. കേസിൽ പ്രതിയായ അഭിലാഷിനെ അറസ്റ്റ് ചെയ്യാൻ വൈകിയാൽ കടുത്ത പ്രക്ഷോഭത്തിലേക്കു കടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.