അമ്പലപ്പുഴ: നോൺ പ്രാക്ടീസിംഗ് അലവൻസും വാങ്ങി ചില ഡോക്ടർമാർ വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന തായി ആരോപണം. സർക്കാർ ഖജനാവിനു പ്രതിമാസം കോടികൾ നഷ്ടം. കണ്ടില്ലെന്ന് നടിച്ച് സർക്കാർ.
വി.എസ് സർക്കാരിന്റെ കാലത്താണ് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജാശുപത്രി ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് നൽകിത്തുടങ്ങിയത്.
സാധാരണ രോഗികൾക്ക് കൂടുതൽ സമയം മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായാണ് ഈ പ്രത്യേക അലവൻസ് നൽകിത്തുടങ്ങിയത്. സർക്കാർ മെഡിക്കൽ കോളേജാശുപത്രികളിലെ ചില ഡോക്ടർമാർ വീടുകളിൽ പ്രാക്ടീസ് നടത്തുന്നതു മൂലം ആശുപത്രികളിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.
ഇതിന് പരിഹാരമായാണ് വീടുകളിൽ പ്രാക്ടീസ് ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയത്. പ്രാക്ടീസ് ഒഴിവാക്കിയ ഡോക്ടർമാർക്ക് ബേസിക് പേയുടെ 20 ശതമാനമാണ് ഇത്തരത്തിൽ നോൺ പ്രാക്ടീസിംഗ് അലവൻസായി നൽകുന്നതെന്ന് സാമൂഹിക പ്രവർത്തകനായ കാക്കാഴം താഴ്ചയിൽ നസീറിന് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ ആരോഗ്യ വകുപ്പ് അറിയിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ 250 ഡോക്ടർമാർക്കായി 45,07,000 രൂപയാണ് ഒരു മാസം നോൺ പ്രാക്ടീസിംഗ് അലവൻസായി നൽകുന്നത്.
ഈ രീതിയിൽ കേരളത്തിലെ മറ്റ് മെഡിക്കൽ കോളേജാശുപത്രികളിലെ ഡോക്ടർമാർക്കുൾപ്പെടെ ഈയിനത്തിൽ കോടികളാണ് സർക്കാർ ഖജനാവിൽ നിന്ന് നൽകുന്നത്.
പല ഡോക്ടർമാരും 12 കഴിയുന്നതോടെ തന്നെ ആശുപത്രികളിലെ സേവനം അവസാനിപ്പിച്ച് വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുകയാണ്.
സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് നൽകുന്നത് ഒഴിവാക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.