ഗാന്ധിനഗർ: ജൂണിയർ ഡോക്ടർമാരുടെ സമരത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് വിതരണം നിർത്തി. ഇന്നു രാവിലെ എട്ടുമണി മുതൽ വിതരണം ചെയ്തുവന്ന ഒപി ടിക്കറ്റ് 9.30ന് അവസാനിപ്പിച്ചു. ഗൈനക്കോളജി വിഭാഗത്തിലാണ് ഒപി ടിക്കറ്റ് വിതരണം നിർത്തി വച്ചത്.
ഗൈനക്കോളജി വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളതെന്നും അതിനാൽ ഇനി രോഗികൾക്ക് ടിക്കറ്റ് നല്കേണ്ട എന്നുമാണ് നിർദേശമുണ്ടായതെന്ന് ഒപി ടിക്കറ്റ് നല്കുന്നവർ രോഗികളോട് പറഞ്ഞു. ഒൻപതര കഴിഞ്ഞ് വന്നവരെല്ലാം നിരാശരായി. ചിലർ അവിടെ വരാന്തയിലും മറ്റും കിടക്കുകയാണ്.
ഇന്നു ഡേറ്റ് നല്കിയ ഗർഭിണികൾ പോലും ചീട്ട് കിട്ടാതെ ചികിത്സ തേടാൻ കഴിയാത്ത അവസ്ഥയിലാണ്. പൂർണ ഗർഭിണികൾ വരെ ചികിത്സ കിട്ടാതെ വരാന്തയിൽ ഇരിപ്പുണ്ടെന്നാണ് ലഭിച്ച വിവരം. ഉച്ചയ്ക്ക് 12 മണി വരെയാണ് ഒപി ടിക്കറ്റ് വിതരണമുള്ളത്. ഡോക്ടർമാരുടെ സമരം രോഗികളെ ബാധിച്ചില്ലെന്നും ബദൽ സംവിധാനം ഏർപ്പെടുത്തിയെന്നുമാണ് അധികൃതരുടെ വാദം. ഇതിനിടയൊണ് ഒപി ടിക്കറ്റ് വിതരണം പോലും നിർത്തി വച്ച സംഭവം റിപ്പോർട്ടു ചെയ്യുന്നത്.