ഗാന്ധിനഗർ: സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നാളെ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും. ദേശീയ സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗം ബഹിഷ്കരിക്കാനാണ് തീരുമാനമെങ്കിലും കേരളത്തിൽ അത്യാഹിത വിഭാഗം നാളെ പ്രവർത്തിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളിൽ അടിയന്തര സ്വഭാവമുള്ളവ മാത്രമേ നാളെ നടത്തൂ. മൊത്തത്തിൽ നാളെ രാജ്യത്ത് രോഗികൾ ചികിത്സ കിട്ടാതെ വലയും.
ദേശീയ മെഡിക്കൽ ബില്ലിനെതിരെ ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് നാളത്തെ ഒപി ബഹിഷ്കരണം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒപി ബഹിഷ്കരണം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ നാളെ അത്യാഹിത വിഭാഗം പ്രവർത്തിക്കില്ല.
കേരളത്തിൽ അത്യാഹിത വിഭാഗം, ലേബർ റൂം എന്നിവയെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ -സർക്കാർ മേഖലകളിലെ മുഴുവൻ ഡോക്ടർമാരും സമരത്തിൽ പങ്കാളികളാവും. അതേ സമയം ശനിയാഴ്ച മെഡിക്കൽ വിദ്യാർഥികൾ ആരംഭിച്ച അനിശ്ചിതകാല സമരവും ക്ലാസ് ബഹിഷ്കരണവും തുടരുകയാണ്.
ആധുനിക വൈദ്യശാസ്ത്രം പഠിക്കാത്തവരെ ആരോഗ്യ സേവന ദാതാക്കൾ എന്ന രീതിയിൽ ചികിത്സയ്ക്കായി ലൈസൻസ് നൽകി ഒരു വിഭാഗം ജനങ്ങൾക്ക് രണ്ടാം തരം ചികിത്സ ലഭിക്കുന്ന മെഡിക്കൽ ബിൽ പിൻവലിക്കുക, യോഗ്യതയില്ലാത്തവരെ ചികിത്സക്കാരാക്കി ആരോഗ്യമേഖലയെ അപകടത്തിലാക്കുന്ന പുതിയ നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് സമര നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്.
അഞ്ചര വർഷത്തെ മെഡിസിൻ പഠന കാലയളവിൽ ഏകദേശം 36 പരീക്ഷകൾ പാസായി വരുന്ന ഡോക്ടറാണോ, കേവലം ആറു മാസം കൊണ്ട് ഒരു തട്ടിക്കൂട്ട് പഠനം നടത്തി ഡോക്ടർ ആകുന്നതാണോ രോഗീ ചികിത്സയ്ക്ക് അനിവാര്യമെന്ന് സമരക്കാർ ചോദിക്കുന്നു. ഒരാളെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്പോൾ അവിടെയെത്തുന്ന ഡോക്ടർ ആറു മാസത്തെ പഠനത്തിലൂടെ എത്തിയതാണോ അതോ എം.ബി.ബി.എസ് പഠനം കഴിഞ്ഞ ഡോക്ടർമാരാണോയെന്ന് ചോദിക്കേണ്ട അവസ്ഥ രോഗികൾക്കും കൂടെയെത്തുന്നവർക്കും ഉണ്ടാകുമെന്നും സമരം ചെയ്യുന്ന ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ രാജ്യത്തെ ഗ്രാമങ്ങളിലെ രോഗികളെ നോക്കുവാൻ ഡോക്ടർമാർ ഇല്ലാത്തതിനാൽ ആ മേഖലകളിലെ രോഗികളെ ചികിത്സിക്കുവാനാണ് ആറു മാസത്തെ കോഴ്സ് പാസാകുന്നവരെ നിയോഗിക്കുന്നതെന്ന് പുതിയ ബിൽ വ്യക്തമാക്കുന്നു. എന്നാൽ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലേയും ജനങ്ങൾ തമ്മിലെന്താണ് രോഗങ്ങളിൽ വ്യത്യാസമെന്നും രോഗമുണ്ടാകുന്നത് ഏത് നിവാസികൾക്കായാലും ആ വ്യത്യാസം കൂടാതെ നല്ല ചികിത്സ നൽകുവാൻ ആധുനിക വൈദ്യശാസ്ത്രം പഠിച്ചവർക്കേ കഴിയൂവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണ മേഖലകളിൽ ഡോക്ടർമാർ ഇല്ലെങ്കിൽ അത് വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ വ്യാജഡോക്ടർമാരെ സൃഷ്ടിക്കപ്പെടുന്ന പുതിയ ബിൽ പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.