ഗാന്ധിനഗർ: ശന്പളപരിഷ്കരണം നടപ്പിലാക്കുന്ന കാര്യത്തിൽ സർക്കാർ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ഡോക്്ടർമാർ രണ്ടു മണിക്കൂർ സൂചനാപണിമുടക്ക് നടത്തി, രാവിലെ എട്ടു മുതൽ 10 വരെ ഒപികളും വാർഡുകളും ബഹിഷ്കരിച്ചായിരുന്നു സമരം. ഇത് രോഗികളെ വല്ലാതെ വലച്ചു. രാവിലെ എട്ടു മണിക്കു തന്നെ രോഗികൾ ചീ്ട്ടെടുത്ത് ഒപികളിൽ എത്തിയെങ്കിലും ഡോക്ടർമാർ ആരും എത്തിയില്ല.
അതേ സമയം ചില ഒപികളിൽ ഒരു ഹൗസ് സർജന്റെ സേവനം ലഭിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്്ടർമാർ കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷ (കെജിഎംസിടിഎ) ന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണു കോട്ടയം മെഡിക്കൽ കോളജിലും ഡോക്ടർമാർ സമരം നടത്തിയത്. മറ്റ് മേഖലകളിലെ സർക്കാർ ജീവനക്കാർക്ക് ഈ കാലയളവിൽ മൂന്നാം തവണ ശന്പള പരിഷ്കരണം നടപ്പിലാക്കുന്പോഴാണ് ഡോക്ടർമാരുടെ കാര്യത്തിൽ അവഗണന.