തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളജുകളില്‍ പിജി ഡോക്ടര്‍മാര്‍ തുടരുന്ന സമരം 15-ാം ദിവസത്തിലേക്കു കടന്നതോടെ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനം തടസപ്പെട്ടു തുടങ്ങി. വാര്‍ഡുകളില്‍ ഡോക്ടര്‍മാരുടെ സേവനം വളരെ പരിമിതമാണ്.
അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുകൊണ്ടുള്ള സമരം ആറാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. ആശുപത്രികളിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും പുറത്തെ ഇരിപ്പിടങ്ങളില്‍ സേവനങ്ങളും കാത്തിരിക്കുന്ന കാഴ്ച കണ്ടുതുടങ്ങി.
തിരുവനന്തപുരം മെഡിക്കല്‍കോളജിലെ ആയിരത്തോളം പിജി ഡോക്ടര്‍മാരും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹൗസ് സര്ജന്മാരും സമരം തുടങ്ങിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്.
ശസ്ത്രക്രിയകള്‍ക്ക് മുടക്കമില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മിക്ക മെഡിക്കല്‍ കോളജുകളിലും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവച്ചിരിക്കുകയാണ്.
സമരം നടത്തുന്ന പിജി ഡോക്ടര്‍മാര്‍ ഇന്നലെയും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവര്‍ സമരപ്പന്തലില്‍ പ്ലക്കാര്‍ഡുകളുമായാണ് സമരം നടത്തിവരുന്നത്.
ഇന്നലെ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ തെളിഞ്ഞുവെങ്കിലും തങ്ങളുടെ ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടായാല്‍ മാത്രമേ സമരം പിന്‍വലിക്കുകയുള്ളൂവെന്നു സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
ആരോഗ്യമന്ത്രിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാന്‍ തന്നെയാണ് ഡോക്ടര്‍മാരുടെ തീരുമാനം. അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചതോടെ അത്യാസന്ന നിലവില്‍ എത്തുന്ന രോഗികളുടെ ജീവനുതന്നെ ഭീഷണി ഉണ്ടാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
അതേസമയം സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരുടെ ആരോഗ്യനിലയും വഷളായിത്തുടങ്ങിയിട്ടുണ്ട്. വിവിധ സംഘടനകള്‍ ഇവര്‍ക്കു പിന്തുണയുമായി എത്തുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണ തങ്ങള്‍ക്കു വേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇവര്‍.