സ്വന്തം ലേഖകൻ
മുളംകുന്നത്തുകാവ്: പനിയടക്കമുള്ള മഴക്കാല രോഗങ്ങൾ പെരുകുന്പോൾ തൃശൂരിലേതടക്കമുള്ള ഗവ.മെഡിക്കൽ കോളജ് ആശുപത്രികളിൽ ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങാനിരിക്കുന്നത് ആശങ്കയുണർത്തുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർമാരും ഹൗസ് സർജൻമാരുമാണ് പണിമുടക്കിനൊരുങ്ങുന്നത്.
14ന് സൂചന പണിമുടക്ക് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റൈപ്പന്റ് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ പണിമുടക്കിന് ഒരുങ്ങുന്നത്. 2015നുശേഷം സ്റ്റൈപ്പന്റിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. 2018 മാർച്ച് മുതൽ ഈ വിഷയത്തിൽ സംഘടനാ ഭാരവാഹികൾ സർക്കാരുമായി ചർച്ചകൾ നടത്തിയപ്പോഴെല്ലാം അനുകൂല നടപടി ഉണ്ടാകുമെന്ന് വാക്കാൽ അധിക്യതർ ഉറപ്പ് നൽകിയിരുന്നു.
2018 ജൂലൈയിൽ മുൻകാല പ്രാബല്യത്തോടുകൂടി സ്റ്റൈപ്പന്റ് വർദ്ധനവ് നിലവിൽ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടപ്പിലാക്കിയില്ല. പ്രളയകാലത്ത് ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഹൗസ് സർജൻമാരും സജീവമായി നിലകൊണ്ടിരുന്നു. അതിനു ശേഷം നടന്ന ചർച്ചകളിലും ഉറപ്പുകൾ മാത്രമാണുണ്ടായതെന്ന് ഇവർ പറയുന്നു. തുടർന്ന് ഏപ്രിൽ 11ന് സംസ്ഥാനതലത്തിൽ സൂചന പണിമുടക്ക് പ്രഖ്യാപിച്ചു. എന്നാൽ ചർച്ചയെ തുടർന്ന് പണിമുടക്ക് വേണ്ടെന്നു വെച്ചു.
തങ്ങൾ ഉന്നയിച്ച സ്റ്റൈപ്പന്റ് അടക്കമുള്ള ആവശ്യങ്ങൾ ന്യായമാണെന്ന് അംഗീകരിച്ചിട്ടും നടപടികൾ നടപ്പിൽ വരാത്തതുകൊണ്ടാണ് യുവഡോക്ടർമാർ സമരത്തിലേക്ക്് നീങ്ങുന്നത്.14ന് അത്യാഹിത വിഭാഗം, ഐ.സി.യു, ലേബർ റൂം, എമർജൻസി ഓപ്പറേഷൻ തീയറ്റർ എന്നിവ ഒഴികെയുള്ള സർവീസുകൾ നിർത്തിവെച്ച് സൂചനപണിമുടക്ക് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
തുടർന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനും കേരള മെഡിക്കൽ പിജി അസേസിയേഷനും കേരള മെഡിക്കൽ കോളജ് ഹൗസ് സർജൻസ് അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്.ഇവർ സമരത്തിലേക്ക് നീങ്ങിയാൽ മെഡിക്കൽ കോളജ് ആശുപത്രി ഒപിയിൽ ദിവസവും ചികിത്സ തേടിയെത്തുന്ന ആയിരക്കണക്കിന് പാവപ്പെട്ട രോഗികളെയാണ് സമരം പ്രതികൂലമായി ബാധിക്കുക.
വിദഗ്ധ പരിശോധന ആവശ്യമായി വരുന്പോൾ മാത്രമാണ് സീനിയർ ഡോക്ടർമാർ രോഗികളെ നോക്കുക. അല്ലാത്തപ്പോൾ ഹൗസ് സർജൻമാരാണ് പരിശോധിക്കുക. സമരം ആശുപത്രി പ്രവർത്തനത്തെ സ്തംഭിപ്പിക്കുമെന്നും മഴക്കാല രോഗങ്ങളും പനിയുമെല്ലാം പടരുന്ന സാഹചര്യത്തിൽ ആശുപത്രി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന സമരം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്്.