ബിജു ഇത്തിത്തറ
കടുത്തുരുത്തി: ഒപ്പുശേഖരണം, സ്റ്റാമ്പ്, നാണയം, ഫോട്ടോ ശേഖരം, പുസ്തക സമ്പാദ്യം, കാരിക്കേച്ചറിസ്റ്റ്, പ്രഭാഷകന്‍… 49 കാരനായ ആയുര്‍വേദ ഡോക്ടര്‍ക്ക് വിശേഷണങ്ങളും വ്യത്യസ്തതകളും നിരവധി.
തലയോലപ്പറമ്പില്‍ ആയുര്‍വേദ ഡിസ്പെന്‍സറി നടത്തുകയാണ് തലയോലപ്പറമ്പ് ശ്രീവിലാസത്തില്‍ ഡോ. എസ്. പ്രീതന്‍.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ വായനയോടും പുസ്തകങ്ങളോടും ഇഷ്ടമായിരുന്നു. വായന അദ്ദേഹത്തെ അറിവിന്റെ പുതിയ വാതായനങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി.
അത് വ്യത്യസ്ത ശീലങ്ങളിലേക്കുള്ള വഴി തുറക്കലായിരുന്നു. ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിനെ പോലുള്ള സ്പോര്‍ട്സ് താരങ്ങളുടെ പടങ്ങള്‍ സ്വന്തമാക്കിയായിരുന്നു ശേഖരണം എന്ന വിനോദം പ്രീതന്‍ തുടങ്ങിയത്.
ഏഴായിരത്തിലധികം വ്യക്തികളുടെ ഒപ്പുശേഖരവും 25000 ഫോട്ടോകളും പ്രീതന്‍ സ്വന്തമായുണ്ട്.
സുകുമാര്‍ അഴിക്കോട്, കാവാലം നാരായണപ്പണിക്കര്‍, ഇളയരാജ, യേശുദാസ്, ശശി തരൂര്‍, സിനിമാ താരങ്ങള്‍ തുടങ്ങി 300-ല്‍ അധികം വ്യക്തികളുടെ ഒറിജിനല്‍ ഒപ്പും ഇതില്‍പ്പെടും.
മഹാത്മാഗാന്ധിയുടെയും ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രപതിമാരുടെയും പ്രധാന മന്ത്രിമാരുടെയും കേരളത്തിലെ മുഖ്യമന്ത്രിമാരുടെയും കൈയൊപ്പിന്റെ ശേഖരവും ഇവരുടെയെല്ലാം ഫോട്ടോയുമുണ്ട്.
ഏബ്രഹാം ലിങ്കണ് മുതല്‍ വില്യം ഷേക്സ്പിയര്, എലിസബത്ത് രാജ്ഞി, ബേനസീര്‍ ഭൂട്ടോ എന്നിവരുടെയെല്ലാം ഒപ്പിന്റെ ശേഖരം പ്രീതന്റെ പക്കലുണ്ട്.
സിനിമ, രാഷ്ട്രീയം, ഓഹരി വിപണി, സ്മാര്‍ത്ത വിചാരം, ആനകള്‍, റെയില്‍വേ, മത സംഘടനകള്‍, ലോക നേതാക്കള്‍, ക്രിസ്മസ്, ആരോഗ്യരംഗം, ഓണം, പക്ഷികള്‍, ഉത്പ്പന്നങ്ങള്‍, കഥകളി, യാത്ര, എഴുത്തുകാര്‍, ലേഖനങ്ങള്‍, സ്പോര്‍ട്സ്, തുടങ്ങി സമസ്ത മേഖലകളെയും പ്രതിപാദിക്കുന്ന വിവരങ്ങളുടെ ശേഖരം ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ആനകളെ കുറിച്ചുള്ള പുസ്തകങ്ങളും കയ്യിലുണ്ട്.
പത്രങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും മറ്റും വരുന്ന ഒപ്പുകളുടെ പകര്‍പ്പുകളും വിവരങ്ങളും ശേഖരിച്ചാണ് അപൂര്‍വതയുള്ള സമ്പാദ്യം സ്വന്തമാക്കിയത്.
മന്നത്ത് പത്മനാഭന്റെ അമ്മയുടെയും അയ്യങ്കാളിയുടെ ഭാര്യ ചെല്ലമ്മയുടെയുമെല്ലാം തുടങ്ങി വിവിധങ്ങളായ ചിത്രങ്ങളും ഇതില്‍പ്പെടും.
മാതൃഭൂമി അടക്കം പത്ത് പത്രങ്ങള്‍ ദിവസവും വായിക്കുന്ന ഇദ്ദേഹം ഒരുമാസം അന്‍പതോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കും.
ഇദ്ദേഹത്തിന്റെ വീട്ടിലെ പുസ്തകശാലയില്‍ ആത്മീയ ഗ്രന്ഥങ്ങള്‍ക്കൊപ്പം ലോക സാഹിത്യാരന്മാരുടേയും ഇന്ത്യയിലെ എഴുത്തുകാരുടെയും പുസ്തകങ്ങളും ഇവിടുണ്ട്.
ഗബ്രിയേല്‍ മാര്‍ക്കേസിന്റെ രചനകളോടാണ് ഡോക്ടര്‍ക്ക് പ്രീയം. സംവിധായകന് പത്മരാജന്റെ കടുത്ത ആരാധകനായ പ്രീതന്‍ അദ്ദേഹത്തിന്റെ ജീവിതവും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുന്നു.
നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും വലിയൊരു ശേഖരവും വീട്ടിലുണ്ട്. ഇദ്ദേഹം പ്രാക്ടീസ് ചെയ്യുന്ന ശ്രീവിലാസം ഫാര്‍മസിയിലെത്തുന്ന പല രോഗികളുടെയും ചിത്രങ്ങള്‍ പലപ്പോഴും അവരുമായി സംസാരിക്കുന്നതിനിടെ വരച്ചെടുക്കും.
ലോകത്തിലെ പ്രധാനപ്പെട്ട ചിത്രകാരന്മാരുടെ പിക്കാസോ, വാന്ജോഗ്, രാജാരവിവര്‍മ, റഷ്യന്‍ ചിത്രകാരന്മാര് എന്നിവരുടെ പെയിന്റിംങുകളുടെ പകര്‍പ്പുകളും ഇവിടുണ്ട്.
ആര്.കെ. ലക്ഷ്മണ് മുതല്‍ മാതൃഭൂമിയിലെ ഗോപികൃഷ്ണന്, മദനന് എന്നിവര്‍ വരെയുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ കൈയൊപ്പും കാര്‍ട്ടൂണുകളും ഉണ്ട്.
കല്ല്യാണക്കുറികളും ചരമ കാര്‍ഡുകളും സൂക്ഷിക്കുന്നുണ്ട്. തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക സമിതിയുടെ അമ്മ മലയാളം കൂട്ടായ്മയുടെ പ്രോഗ്രാം ഡയറക്ടറുമാണ് പ്രീതന്‍.
ഓരോ ദിവസത്തിന്റെയും പ്രത്യേകതയ്ക്കനുസരിച്ചുള്ള അറിവുകള്‍ ദൈനംദിനം സാമൂഹ്യ മാ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്.
നിരവധി പുരസ്കാരങ്ങളും ഇതിനോടകം ഇദ്ദേഹത്തെ തേടിയെത്തി. സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടറായ സ്മിതയാണ് ഭാര്യ. മക്കള്‍: വാസുദേവ് കൃഷ്ണന്, ആദിത്യ കൃഷ്ണന്. അമ്മ: ഗീത.