നെടുമ്പാശേരി: ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കൊച്ചിയിൽ എത്തി. പൂനയിൽനിന്നു ലൈപോസോമൽ ആംഫറ്റെറിസിൻ ബി മരുന്നിന്റെ 240 വയൽ ആണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്നലെ കൊണ്ടുവന്നത്.
ബ്ലാക്ക് ഫംഗസിനുള്ള കേരളത്തിലെ മരുന്നുക്ഷാമം ഇതുവഴി പരിഹരിക്കാനാകുമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
കൊണ്ടുവന്ന മരുന്ന് ആശുപത്രികളിലേക്ക് ഉടൻ എത്തിക്കും. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംസിഎൽ) വഴിയാണു വിതരണം.
ബ്ലാക്ക് ഫംഗസ് രോഗം സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ടു ചെയ്തു തുടങ്ങിയതോടെയാണു മരുന്നിന് ക്ഷാമം നേരിട്ടത്.
കടുത്ത ഫംഗൽ രോഗത്തിന് നേരത്തേ മുതൽ ഉപയോഗിച്ചു വരുന്ന മരുന്നാണിത്. കടുത്ത പാർശ്വഫലങ്ങൾക്കു കാരണമായേക്കാവുന്ന മരുന്ന് വിദഗ്ധരായ ഡോക്ടർക്കു മാത്രമേ നിർദേശിക്കാൻ സാധിക്കൂ.