പോത്തന്‍കോട്: വേങ്ങോട് പ്രവര്‍ത്തിക്കുന്ന തോന്നയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ അവധിയെടു ത്തതോടെ പ്രതിരോധ കുത്തിവയ്പിന് കുട്ടികളുമായെത്തിയവരും രോഗികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വളഞ്ഞു. ഒപി വിഭാഗവും പ്രവര്‍ത്തിച്ചില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് പ്രതിരോധ കുത്തിവയ്പ് നടത്തുന്നത്. തോന്നയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സേവനത്തിനായി ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ദിവസം അവധിയില്‍ പ്രവേശിക്കുകയാണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
സ്കൂള്‍ അവധിയായതുകൊണ്ട് ധാരാളം പേര് കുട്ടികളുമായി ആശുപത്രിക്കു മുന്നില്‍ മണിക്കൂറുകളോളം കാത്തു നിന്നിട്ടും ഡോക്ടറെത്തിയില്ല. കാര്യം അന്വേഷിച്ചപ്പോഴാണ് ഡോക്ടര്‍ അവധിയിലാണെന്ന മറുപടി കിട്ടിയത്. സമീപത്തെ കോളനികളില്‍ നിന്നുള്‍പെടെ സാധാരണക്കാരാണ് ഇവിടെ ചികില്‍സയ്ക്കായി എത്തുന്നത്.
പ്രദേശത്തെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രമായതിനാല്‍ ഒപിയിലേക്കും നിരവധി രോഗികളെത്തിയിരുന്നു. അവര്‍ക്കും നിരാശയോടെ മടങ്ങേണ്ടി വന്നു. സുഖമില്ലാത്തതിനാല്‍ അവധിയില്‍ പ്രവേശിക്കുന്നതായി ഡോക്ടര്‍ ജില്ലാ ഓഫീസില്‍ അറിയിച്ചിരുന്നതായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പറഞ്ഞു. പ്രതിരോധ കുത്തിവയ്പും പുതുതായി എത്തിയ രോഗികളുടെ ചികിത്സയുമാണ് മുടങ്ങിയത്. എന്നാല്‍ പതിവായി മരുന്നു വാങ്ങാനും ബിപി, ഷുഗര്‍ എന്നിവ പരിശോധിക്കാനും നൂറോളം പേര് എത്തിയിരുന്നു ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.