കയ്പമംഗലം: എംബിബിഎസ് ഇല്ലാതെ ഐശ്വര്യ ഡോക്ടറായി, രോഗികളെ പരിശോധിച്ചു. സാരിയുടുത്ത്,വെള്ള കോട്ടണിഞ്ഞ്,സ്റ്റെതസ്കോപ്പ് ധരിച്ച്,കാറിൽ ഡോക്ടർ ഐശ്വര്യ കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോൾ കണ്ടു നിന്നവർ ആദ്യമൊന്ന് അന്പരന്നു. പിന്നെ കുട്ടി ഡോക്ടറെ സ്വീകരിക്കാനായി എല്ലാവർക്കും തിരക്ക്. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കൊപ്രക്കളം കരുണാഭവൻ സ്പെഷൽ സ്കൂളിലെ ഭിന്നശേഷിവാരാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്.
മുന്പ് ചെയിൽ എസ്ഐ ആയി പത്തൊൻപതു വയസ്സുള്ള ഡൗണ്സിൻഡ്രം ബാധിച്ച സ്റ്റെവിൻ മാത്യു നിന്ന വാർത്ത ഫെയ്സ്ബുക്കിൽ കണ്ടിരുന്ന അധ്യാപരാണ് ഇത്തരം പരിപാടിയുമായി മുന്നിട്ടിറങ്ങിയത്. ഇതിനായി നറുക്ക് വീണത് ഐശ്വര്യക്കായിരുന്നു.ഡോക്ടറാകാനായിരുന്നു ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.
ഡോക്ടറുടെ കസേരയിൽ സ്റ്റെതസ്കോപ്പുമായി ഇരിക്കുന്ന മകളെ ചേർത്ത് പിടിച്ച ഐശ്വര്യയുടെ അമ്മ കണ്ണുതുടച്ചുകൊണ്ടാണ് പുറത്തിറങ്ങിയത്.ഡോക്ടർ ഐശ്വര്യക്ക് എല്ലാ പിന്തുണയുമായി മെഡിക്കൽ ഓഫീസർ റോയി ജേക്കബും, പ്രാഥമിക ആരോഗ്യകേന്ദ്രം ജീവനക്കാരും ഒപ്പമുണ്ടായി.അധ്യാപകരായ ഷെക്കീല അബ്ദുൽഖാദർ, അനുഷ അയ്യപ്പൻ, വി.ജിനി, ഒ.പി അമൃത എന്നിവർ നേതൃത്വം നൽകി.