സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ ഒരു ലക്ഷത്തിലേറെ രൂപ വാങ്ങിച്ച ഡോക്ടർ അറസ്റ്റിൽ.
അമിതചാർജ് ഈടാക്കിയ ആംബുലൻസ് ഉടമ കൂടിയായ ഡോക്ടറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊറോണ രോഗികളെ കൊണ്ടുപോകുന്നതിന് രണ്ടുമുതൽ മൂന്നിരട്ടി വരെ അധികചാർജ് ഇയാൾ ഈടാക്കിയിരുന്നെന്ന് ഡൽഹി പോലീസ് പറഞ്ഞു.
ഗുരുഗ്രാമിൽ നിന്നും ലുധിയാനയിലേക്ക് ഒരു രോഗിയെ മാറ്റാനായി 1.20 ലക്ഷം രൂപ ഈടാക്കിയ സംഭവത്തിലാണ് അറസ്റ്റ്.
കാർഡിയാകെയർ ആംബുലൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ആംബുലൻസ് സർവീസ് കന്പനി നടത്തി വന്ന മിമോ കുമാർ ബിന്ദ്വാൾ ആണ് അറസ്റ്റിലായത്.
കോവിഡ് പോസിറ്റീവായ അമ്മയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ച അമൻദീപ് കൗറിൽ നിന്നാണ് അമിതപണം വാങ്ങിയത്. ആദ്യം 1.40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
എന്നാൽ സ്വന്തമായി ഓക്സിജൻ സിലിണ്ടർ സംഘടിപ്പിക്കാമെന്ന് പറഞ്ഞതോടെ ചാർജ് 1.20 ലക്ഷം രൂപായായി കുറയ്ക്കുകയായിരുന്നുവെന്ന് അമൻദീപ് പറഞ്ഞു.
ഇതിൽ 95,000 രൂപ ആംബുലൻസ് കന്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുൻകൂറായി നിക്ഷേപിച്ചു.
കഴിഞ്ഞ ഒരു മാസമായി നിരവധി പേരിൽ നിന്നും ഇയാൾ അമിതപണം വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തുടർന്നായിരുന്നു അറസ്റ്റ്. ഐപിസി സെക്ഷൻ 420 പ്രകാരമാണ് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്.