പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധനയ്ക്കു വിസമ്മതിച്ച ഗൈനക്കോളജിസ്റ്റ് ഡോ.ഗംഗയ്ക്കെതിരെ കോഴഞ്ചേരി സിഐ കേസെടുത്തു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലും പത്തനംതിട്ട ജുഡീഷൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) പുറപ്പെടുവിച്ച ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് കേസ്. പോസ്കോ നിയമപ്രകാരമാണ് ഡോ.ഗംഗയ്ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ജില്ലാ ആശുപത്രിയിലെ മറ്റൊരു ഗൈനക്കോളജിസ്റ്റ് ഡോ.ലേഖയുടെ ഡ്യൂട്ടി രജിസ്റ്റർ പരിശോധിച്ചശേഷം നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു.
ഇത്തരത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കുന്നത് ആദ്യമായിട്ടായതിനാൽ കേസിന്റെ നിയമവശങ്ങളെക്കുറിച്ച് പോലീസ് ഉപദേശം തേടിയിരുന്നു. പോസ്കോ നിയമപ്രകാരമുള്ള കേസിന്റെ നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ വ്യവസ്ഥയുണ്ട്. നിയമത്തിലെ 166 എ, ബി വകുപ്പുകൾ പ്രകാരം കേസ് നിലനിൽക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. എന്നാൽ മജിസ്ട്രേറ്റ് കോടതി ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ നേരത്തെതന്നെ നിർദേശിച്ചിരുന്നതാണ്.
കോടതി നിർദേശം വന്നതിനേ തുടർന്ന് ഡോ.ലേഖലയും ഡോ.ഗംഗയും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഇതു കൂടി അറിഞ്ഞശേഷം കേസെടുക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസ്.കുട്ടിയെ പരിശോധിക്കാൻ വിസമ്മതിച്ചുവെന്ന പരാതിയിൽ ഡോ.ഗംഗയെയും ഡോ.ലേഖയെയും ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. പത്തനംതിട്ട ഡിഎംഒ നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും ഭാഗത്ത് വീഴ്ചയുണ്ടായെന്ന കണ്ടെത്തലുകളേ തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടറാണ് നടപടിക്കു ശിപാർശ ചെയ്തത്. ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതോടെയാണ് കേസെടുക്കാതെ തരമില്ലെന്ന നിലപാടിൽ പോലീസും എത്തിയത്.
കോയിപ്രം പോലീസ് ചാർജ് ചെയ്ത് കഴിഞ്ഞ സെപ്റ്റംബർ 15നാണ് ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്കായി കുട്ടിയെ എത്തിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ഗംഗ കുട്ടിയെ പരിശോധിക്കാൻ വിസമ്മതിച്ചു. ബന്ധുക്കളും വനിതാ പോലീസും കുട്ടിക്കൊപ്പമുണ്ടായിരുന്നു. അഞ്ചുവയസുകാരിയെ ഇത്തരത്തിൽ പരിശോധിക്കാൻ തങ്ങൾക്കാവില്ലെന്ന നിലപാടാണ് ഡോ.ഗംഗയും പിന്നീട് ഡ്യൂട്ടിയിലെത്തിയ ഡോ.ലേഖയും സ്വീകരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.
വിവരം പോലീസ് അന്നുതന്നെ മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ കളക്ടർക്കും ഡിഎംഒയ്ക്കും റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. നടപടിയുണ്ടാകാതെ വന്നതോടെയാണ ്ബന്ധുക്കളും പഞ്ചായത്തംഗം സുരേഷ് കുഴിവേലിയും അടക്കമുള്ളവർ കോടതിയെ സമീപിച്ചത്.