വനിതാ സഹപ്രവര്‍ത്തകരെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍.
മംഗളൂരുവില്‍ ജില്ലാ കുഷ്ഠരോഗ വിഭാഗം തലവന്‍ ഡോ. രത്നാകറാണ് അറസ്റ്റിലായത്.
ലൈംഗികാതിക്രമത്തിന് ഇരയായ വനിതാ സഹപ്രവര്‍ത്തരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മഡിക്കേരി, മുര്‍ഡേശ്വര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഡോക്ടര്‍ക്കെതിരെയുള്ള കേസ്.
വനിതാ സഹപ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് ഡോക്ടറെ കുടുക്കിയത്. എട്ടു വനിതാ സഹപ്രവര്‍ത്തകരാണ് ഡോക്ടറുടെ ലൈംഗികാതിക്രമത്തിന് ഇരയായത്.
പീഡനത്തിന് ഇരയായവര്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഡോക്ടര്‍ വലിയ സ്വാധീനമുള്ള ആളാണ് എന്നതാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്.
മാസങ്ങള്‍ക്ക് മുന്‍പ് ദേശീയ വനിതാ കമ്മീഷന് ലഭിച്ച അജ്ഞാത കത്താണ് സംഭവത്തില്‍ വഴിത്തിരിവായത്.
കത്തിന്റെ ചുവടുപിടിച്ച് മംഗളൂരു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ അറസ്റ്റിലായത്.