ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ആലപ്പുഴ ഡിവൈഎസ്പിയെ അപമാനിച്ചതായി പരാതി. കഴിഞ്ഞദിവസം രാത്രി 7.30 ഓടെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആലപ്പുഴ ഡിവൈഎസ്പി എം.ഇ. ഷാജഹാനെ ഡ്യൂട്ടി ഡോക്ടർ അപമാനിച്ചതായാണ് ആക്ഷേപം.
സംഭവം സംബന്ധിച്ച് ഡിവൈഎസ്പി ആലപ്പുഴ ജില്ലാ കളക്ടർക്കും ജനറൽ ആശുപത്രി സൂപ്രണ്ടിനും നഗരസഭാ അധ്യക്ഷനും പരാതി നൽകി. ശക്തമായ തലവേദനയെത്തുടർന്നാണ് രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഡിവൈഎസ്പി ആശുപത്രിയിലെത്തിയത്. മണിക്കൂറുകളോളം നീണ്ടുനിന്ന തലവേദനയാണ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ ചികിത്സ തേടാൻ ഇടയാക്കിയത്.
ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് പോലീസ് ഉദ്യോഗസ്ഥൻ ഡിവൈഎസ്പിയാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. രോഗ വിവരം പറഞ്ഞുതീരുന്നതിന് മുന്പുതന്നെ ഡോക്ടർ മരുന്ന് കുറിക്കാൻ തുടങ്ങി. തലവേദന ശക്തമായതിനാൽ രക്തസമ്മർദ്ം പരിശോധിക്കണമെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ ഇതിന് തയാറാകാതെ രോഷാകുലനാകുകയായിരുന്നു. ഒപി ചീട്ടും ചുരുട്ടി വലിച്ചെറിയുകയും ചെയ്തതോടെ ആശുപത്രിയിൽ നിന്നും മടങ്ങിയ ഡിവൈഎസ്പി സംഭവം സംബന്ധിച്ച് അധികാരികൾക്ക് പരാതി നൽകുകയായിരുന്നു.
അതേസമയം ഡിവൈഎസ്പി ചികിത്സ തേടിയെത്തിയപ്പോൾ അത്യാഹിത വിഭാഗത്തിൽ നല്ല തിരക്കായിരുന്നുവെന്നും ചെറിയ പനി മാത്രമാണ് ഡിവൈഎസ്പിയ്ക്കുണ്ടായിരുന്നത്. അത്യാഹിതത്തിൽ തിരക്കായിരുന്നതിനാൽ രക്തസമ്മർദം പരിശോധിക്കാൻ ബുദ്ധിമുട്ടാണെന്ന ഡോക്ടർ പറഞ്ഞതോടെ ഒപി ടിക്കറ്റെടുക്കാതെ ഡിവൈഎസ്പി മടങ്ങി പോകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ആശുപത്രിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് ഇരുകൂട്ടരും പറയുന്നത്. പനിമരണങ്ങളും പകർച്ചപനിയും വർധിക്കുന്നതിനിടെ സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ പോലീസ് ഉദ്യോഗസ്ഥനുണ്ടായ അനുഭവം ഇതിനോടകം വിവാദമായിട്ടുണ്ട്.