ശസ്ത്രക്രിയ നടത്തുന്നതിനിടയിൽ വയോധികയായ രോഗിയെ മർദിച്ച ഡോക്ടർക്ക് സസ്പെൻഷൻ. ചൈനയിലാണ് സംഭവം. നേത്രരോഗ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഫെങ്ങിനാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ നൽകിയിരിക്കുന്നത്.
തിമിര രോഗത്തിന് ചികിത്സ തേടിയെത്തിയ ക്വീൻ (82) എന്ന സ്ത്രീയെയാണ് ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർ മർദിച്ചത്. 2019 -ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ഇടയിൽ രോഗി മുഖത്ത് പലതവണ സ്പർശിച്ചതാണ് ഡോക്ടറിനെ പ്രകോപിതനാക്കയതെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
ഡോക്ടർ ഇവരോട് മുഖത്ത് സ്പർശിക്കരുതെന്ന് പലതവണ പറഞ്ഞെങ്കിലും രോഗി അത് അനുസരിച്ചില്ല. തുടർന്നാണ് രോഗിയുടെ തലയിൽ ഡോക്ടർ അടിച്ചത്.
അതേസമയം, രോഗിക്ക് ദോഷം വരുത്താൻ അല്ല ആ രീതിയിൽ പ്രവർത്തിച്ചത് എന്നാണ് സംഭവത്തിൽ ഡോക്ടറുടെ വിശദീകരണം. തുടർച്ചയായി രോഗി മുഖത്ത് സ്പർശിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഡോക്ടർ പറഞ്ഞു.
ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ രോഗിയെ ഡോക്ടറും അദ്ദേഹത്തിൻറെ രണ്ട് സഹായികളും മർദിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പരാതി നൽകിയെങ്കിലും ആശുപത്രി അധികൃതർ 500 യുവാൻ നഷ്ടപരിഹാരമായി നൽകി ഒഴിവാക്കാനാണ് ശ്രമം നടത്തിയത് എന്ന് ക്യൂനിന്റെ മകൻ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഇത് വീണ്ടും ചർച്ചയായതോടെ ഡോക്ടർക്കെതിരെ വിമർശനങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്.