കോട്ടയം: കോട്ടയത്തുനിന്ന് ആദ്യമായി അയണ്മാന് പദവി നേടി ഡോ. ബിബിന്‍ പി. മാത്യു. വേള്‍ഡ് ട്രയാത്തലണ്‍ ഫെഡറേഷന് സംഘടിപ്പിക്കുന്ന ദീര്‍ഘദൂര ട്രയാത്തലണ്‍ റേസുകളുടെ പരമ്പര നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അയണ്മാന് പദവി ലഭിക്കുന്നത്. ഇതു ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കായിക ഇനങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ എട്ടിനു ഒമാനിലെ മസ്കറ്റില്‍ അയണ്മാന് 70.3 ട്രയാത്തലണ്‍ ചാന്പ്യന്ഷിപ്പില് 1.9 കിലോമീറ്റര്‍ കടലില്‍ നീന്തൽ, 90 കിലോമീറ്റര്‍ സൈക്ലിംഗ്, 21.1 കിലോമീറ്റര്‍ ഓട്ടം എന്നിവ 8.30 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അയണ്മാന് പദവി ലഭിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ 6.41 മണിക്കൂറില്‍ പൂര്‍ത്തിയാക്കിയാണു ഡോ. ബിബിന്‍ അയണ്മാന് മെഡല്‍ സ്വന്തമാക്കിയത്.
ഐഎംഎ ഹെല്‍ത്ത് കമ്മിറ്റി മുന്‍ സംസ്ഥാന ചെയര്മാന്, ഐഎംഎ കോട്ടയം ജില്ലാ പ്രസിഡന്റ്, ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ബിബിന്‍ മാസങ്ങള്‍ക്കു മുമ്പാണ് അയണ്മാന് മത്സരങ്ങള്‍ക്കായി സ്വയം തയാറെടുപ്പ് തുടങ്ങിയത്. തുടര്‍ന്നു നാലു മാസത്തെ ചിട്ടയായ പരിശീലനം പൂര്‍ത്തിയാക്കി.
അയ്മനം പോളക്കാട്ടില്‍ റിട്ട. ഇന്‍സ്പെക്ടര്‍ ഓഫ് പോലീസും ദേശീയ നീന്തല്‍ ചാമ്പ്യനുമായിരുന്ന പരേതനായ എം.വി. മാത്യുവിന്റെ മകനായ ഡോ. ബിബിനും നീന്തലില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. തെള്ളകം കാരിത്താസ് മാതാ, കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്റര്‍, ഭാരത് എന്നീ ആശുപത്രികളിലെ ജനറല്‍ ആന്‍ഡ് ലാപ്രോസ്കോപിക് സര്‍ജറി സീനിയര്‍ കണ്‍സൾട്ടന്റാണ്.
ഭാര്യ: ഡോ. ഗായത്രി മേരി അലക്സ് കുമരകം ഗവണ്മെന്റ് ആശുപത്രിയില്‍ അനസ്തേഷ്യോളജിസ്റ്റാണ്. മക്കള്‍: അന്ന ബിബിന്‍ മാത്യു, ആന്റണി ബിബിന്‍ മാത്യു, എയ്മി ബിബിന്‍ മാത്യു (മാന്നാനം കെഇ സ്കൂള്‍).