പയ്യന്നൂര്‍: കടുത്ത സ്ത്രീവിരുദ്ധ സിനിമകളാണ് നൂറ് കോടി ക്ലബിലും ഇരുന്നൂറ് കോടി ക്ലബിലും കയറി പണം കൊയ്യുന്നതെന്ന് സിനിമാ സംവിധായകന് ഡോ.ബിജു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കണ്ടങ്കാളി ഷേണായ് സ്മാരക ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രഥമ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന തോന്നല്‍ പോലും ഇല്ലാതായി മാറുകയാണ്. ഇതെല്ലാം സ്വാഭാവികമാണെന്ന ചിന്തയാണ് മനസുകളിൽ നിറയക്കുന്നത്. പ്രകൃതി വിരുദ്ധവും അരാഷ്ട്രീയവും സാംസ്കാരിക-സ്ത്രീ വിരുദ്ധവുമായ സിനിമകളാണ് ഇന്ന് കൂടുതലും ഇറങ്ങുന്നത്.
ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാതെ ഇതില്‍നിന്നെല്ലാം മാറി നടക്കണമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ലതീഷ് കാളിയാടന്‍ നിര്‍വഹിച്ചു.
കഥാസിനിമകള്‍, ഡോക്യുമെന്ററികള്‍, അനിമേഷന്‍ സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നീ വിഭാഗങ്ങളിലായി ഇരുപതോളം സിനിമകളാണ് ചലച്ചിത്രോത്സവത്തിൽ പ്രദര്‍ശിപ്പിക്കുന്നത്. സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.