തലശേരി: നഗരമധ്യത്തില്‍ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടി രൂപ വില വരുന്ന അരയേക്കർ സ്ഥലവും ബഹുനില കെട്ടിടവും കൊള്ളപ്പലിശക്കാരന് തട്ടിയെടുത്തതിനു പിന്നാലെ ഈ കുടുംബത്തിന്റെ അഞ്ഞൂറു പവന് സ്വര്‍ണാഭരണവും തട്ടിയെടുത്തു. ഡോക്ടര്‍ ദമ്പതികളുടെ ബംഗളൂരുവിലുള്ള മകന് തന്നെയാണ് തന്റേതുള്‍പ്പെടെ മമ്മിയുടെ കൈവശമുണ്ടായിരുന്ന 500 പവന് സ്വര്‍ണാഭരണവും തട്ടിയെടുക്കപ്പെട്ടതായി രാഷ്ട്രദീപികയോട് വ്യക്തമാക്കിയത്.
മമ്മിയുടെ സഹായി നിന്ന സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് സ്വര്‍ണം തട്ടിയെടുത്തത്. വീട് വിട്ടിറങ്ങിയ ശേഷം ദീര്‍ഘ കാലം മമ്മി ലോഡ്ജ് മുറിയില്‍ കിടപ്പിലായിരുന്നു. നഗരത്തിലെ ഒരു സഹകരണ ബാങ്കില്‍ 400 ഗ്രാം സ്വര്‍ണം പണയം വെച്ചതായി അറിഞ്ഞ് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ സ്വര്‍ണം അവിടെയുള്ളതായി അറിഞ്ഞു. പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ബാങ്കിനെ സമീപിച്ചപ്പോള്‍ സ്വര്‍ണം വില്പന നടത്തിയിട്ടുളളതായും വ്യക്തമായി.
ഇത് സംബന്ധിച്ച് മമ്മിയുടെ സഹായിയായ യുവതിയോട് ചോദിച്ചപ്പോള്‍ എന്റെ പേരില്‍ വെച്ച സ്വര്‍ണം ഞാന്‍ ഇഷ്ടം പോലെ ചെയ്യും എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഡോക്ടര്‍ ദമ്പതികളുടെ മകന് രാഷ്ട്രദീപികയോട് പറഞ്ഞു.സ്വകാര്യ ലാബ് ജീവനക്കാരിയാണെങ്കിലും ഉന്നതങ്ങളില്‍ സ്വാധീനമുള്ള യുവതിയാണ് മമ്മിയുടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. മമ്മിയുടെ സ്വര്‍ണം എവിടെയാണെന്ന് അവര്‍ക്ക് മാത്രമേ അറിയുകയുളളൂവെന്നും മകന് പറയുന്നു.
ഇതിനിടയില്‍ 20 കോടി രൂപ വില വരുന്ന അരയേക്കര്‍ സ്ഥലവും ബഹു നില കെട്ടിടവും തട്ടിയെടുത്ത പലിശ മാഫിയ സമാന തരത്തില്‍ നഗരത്തിലെ പൊന്നും വില വരുന്ന സ്ഥലങ്ങള്‍ കൈക്കലാക്കിയതായുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ലോഗന്‍സ് റോഡില്‍ ഇത്തരത്തില്‍ തട്ടിയെടുത്ത സ്ഥലത്ത് ഈ സംഘം ബഹു നില കെട്ടിടവും പടുത്തുയര്ത്തിയിട്ടുണ്ടത്രെ.അതീവ രഹസ്യമായി പള്ളൂര്‍ സ്വദേശി നടത്തിയിട്ടുള്ള കൊടുപലിശയുടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
തട്ടിപ്പ് നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും വണ്ടിച്ചെക്കുകളുടെ വിശദ വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച് അന്വേഷണമാവശ്യപ്പെട്ടാല് ഈ പലിശ മാഫിയയുടെ പിടിയില്‍ പെട്ട് എല്ലാ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍ അവസരമൊരുങ്ങുമെന്നാണ് നിയമ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൈതൃക നഗരിയില്‍ ആദ്യമായിട്ടുയര്ന്ന വടക്കേ മലബാറിലെ അതിപ്രശസ്തരായിരുന്ന ഡോക്ടര്‍ ദമ്പതിമാരുടെ ബഹുനില കെട്ടിടവും സ്ഥലവുമാണ് ആസൂത്രിത നീക്കത്തിലൂടെ തട്ടിയെടുത്തിട്ടുള്ളത്.