മക്കള്‍ മനുഷ്യരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവരെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം! ആധുനിക മാതാപിതാക്കള്‍ക്ക് മാതൃകയും വ്യത്യസ്ത സന്ദേശവുമായി ഡോക്ടര്‍ ദമ്പതികള്‍

ഫീസും ഡൊണേഷനും എത്രയായാലും വേണ്ടില്ല, നാലാളറിഞ്ഞാല്‍ മോശം പറയാത്ത സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാനാണ് ഒട്ടുമിക്ക മാതാപിതാക്കളും ശ്രമിക്കാറ്. കുട്ടികള്‍ ഏത് സ്‌കൂളിലാണ് പഠിക്കുന്നത് എന്നത് ഇപ്പോള്‍ സ്റ്റാറ്റസിന്റെ ഭാഗമായിപ്പോലുമാണ് വിലയിരുത്തപ്പെടുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ പോലും കുട്ടികളെ രണ്ടുംകല്‍പ്പിച്ച് സ്വകാര്യ സ്‌കൂളുകളില്‍ അയക്കുമ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ദമ്പതികളായ ടി വി മുരളി, മേരി വിനീത എന്നിവര്‍ തങ്ങളുടെ രണ്ട് മക്കളെയും സര്‍ക്കാര്‍ സ്‌കൂളില്‍ അയച്ച് വ്യത്യസ്തരാവുന്നത്.

ഇവരുടെ രണ്ടു കുട്ടികളും പഠിക്കുന്നത് മൊടിയൂര്‍ക്കര ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ്. നാലാം ക്ലാസുകാരിയായ ദിയ വിനീത മുരളിയും ഒന്നാം ക്ലാസുകാരനായ പ്രകാശ് മുരളിയും ഇവിടുത്തെ പഠനവും രീതികളും ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. നിലവാരമുള്ള ക്ലാസ് മുറികളും ജൈവ പാര്‍ക്ക് അടക്കമുള്ള സൗകര്യങ്ങളും സ്‌കൂളിന് സ്വന്തമായുണ്ട്.

മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടറാണ് ടി വി മുരളി. മേരി വിനീത ത്വക്കുരോഗ വിദഗ്ധയും. മക്കള്‍ മനുഷ്യരായി വളരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടതെന്നാണ് സമൂഹത്തോട് ഇവര്‍ക്ക് പറയാനുള്ളത്.

 

Related posts