തലശേരി: പാനൂർ കരിയാട് പുളിയനമ്പ്രത്ത് മരിച്ച മുഹമ്മദ് സാലിഖിന് (25) കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ യുവാവിനെ രഹസ്യമായി ചികിത്സിച്ച ഹോമിയോ ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ശിപാർശ ചെയ്തു.
യുവാവ് ചികിത്സ തേടിയെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് തീരുമാനം. 48 ദിവസം മുന്പ് അഹമ്മദാബാദിൽ നിന്ന് എത്തിയ സാലിഖ് 28 ദിവസത്തെ നീരീക്ഷണ കാലാവധി പൂർത്തീകരിച്ചതാണ്.
എന്നാൽ, രോഗലക്ഷണം കണ്ടതോടെ ഇദ്ദേഹം ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കാതെ ചൊക്ലി കവിയൂർ മിന്നത്തെപീടികയിലെ ഹോമിയോ ഡോക്ടറുടെ ചികിത്സ തേടി. ഈ ചികിത്സയിലിരിക്കെയാണ് യുവാവ് മരണമടഞ്ഞത്.
യുവാവിന്റെ വീട്ടുകാരും വീടുമായി ബന്ധം പുലർത്തിയവര്യം നിരീക്ഷണത്തിലാണ്. അതിനിടെ, തലശേരി പഴയ ബസ് സ്റ്റാൻഡിൽ കോവിസ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തിച്ച അക്ഷയ കേന്ദ്രത്തിനെതിരെ ടൗൺ പോലീസ് കേസെടുത്തു.