അല്പം മാനസികപിരിമുറുക്കമുള്ള വേളയിൽ നൃത്തവും സംഗീതവും ആശ്വാസം നല്കും. എന്നാൽ, അത്തരം ആശ്വാസങ്ങൾ സന്ദർഭമനുസരിച്ച് സ്വീകരിക്കണമെന്നാണ് അമേരിക്കയിലെ അറ്റ്ലാന്റയിലെ ഒരുപറ്റം രോഗികളുടെ ആവശ്യം.
ശസ്ത്രക്രിയയ്ക്കിടെ പാട്ടുപാടി നൃത്തം ചെയ്യുന്ന ഡോക്ടർ വലിയ ശല്യമാണെന്നു ചൂണ്ടിക്കാട്ടി മൂന്നു വനിതകൾ രംഗത്തെത്തി. ഇവർക്കു പിന്നാലെ നൂറിൽപരം വനിതകളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡോ. വിൻഡെൽ ബോട്ടി എന്ന ത്വക്രോഗ വിദഗ്ധ സ്വന്തം യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയാണ് നിരവധി രോഗികളുടെ ഉറക്കംകെടുത്തിയത്. ശസ്ത്രക്രിയാമുറിയിൽ ഉപകരണങ്ങളും മറ്റുമായി ശസ്ത്രക്രിയാ നടപടികൾക്കു തയാറെടുക്കുന്നതിനൊപ്പമായിരുന്നു വനിതാ ഡോക്ടറുടെയും സഹപ്രവർത്തകരുടെയും പാട്ടും ഡാൻസും.
വീഡിയോ വൈറലായതോടെ നിരവധി രോഗികൾ ശസ്ത്രക്രിയയ്ക്കുശേഷം അണുബാധയുണ്ടായെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കാര്യഗൗരവമില്ലാതെയാണ് ഡോക്ടർ ശസ്ത്രക്രിയ കൈകാര്യം ചെയ്യുന്നതെന്നാണ് ആരോപണം.
വിവാദമായതോടെ ഡോക്ടറുടെ യുട്യൂബ് ചാനലിൽനിന്നു വീഡിയോ അപ്രത്യക്ഷമായി. എങ്കിലും ഡോക്ടർക്കെതിരേ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.