പിറവം: സാന്പത്തിക പ്രതിസന്ധിമൂലം എംബിബിഎസ് പഠനം ഉപേക്ഷിക്കേണ്ട ഘട്ടത്തിൽ പൂർവവിദ്യാർഥിക്ക് സഹായവുമായി വെളിയനാട് ഹൈസ്കൂൾ വിദ്യാർഥികൾ രംഗത്ത്. സ്കൂളിലെ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർഥികളിൽനിന്നും നാട്ടുകാരിൽ നിന്നുമായി സമാഹരിച്ച 2,60,000 രൂപയാണ് പഠനത്തിനായി കൈമാറിയത്
. സ്കൂളിൽനിന്നു എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ച് ഡാനി ഏലിയാസിന് കോലഞ്ചേരി മെഡിക്കൽ കോളജിലാണ് എംബിബിഎസിന് പ്രവേശനം ലഭിച്ചത്. 2016ലെ മെഡിക്കൽ എൻട്രൻസിൽ സർക്കാർ ക്വാട്ടയിലാണ് പ്രവേശനം ലഭിച്ചത്. സാന്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ളതിനാൽ വാർഷിക ഫീസ് അഞ്ചു ലക്ഷത്തിൽനിന്നു രണ്ടു ലക്ഷമായി കുറച്ചുനൽകിയിരുന്നു. ഇതോടൊപ്പം 60,000 രൂപ ഹോസ്റ്റൽ ഫീസുമുണ്ട്. രണ്ടര ലക്ഷത്തിലധികം രൂപ ഫീസായി നൽകാനുള്ള വരുമാനം ഡാനിയുടെ പിതാവായ ഏലിയാസിനില്ല.
നട്ടെല്ലിനു തേയ്മാനം സംഭവിച്ചതിനാൽ വർഷങ്ങളായി ജോലിയൊന്നും ചെയ്യാൻ ഇദ്ദേഹത്തിനു കഴിയുന്നുമില്ല. സാന്പത്തികമായി ഏറെ ക്ലേശം അനുഭവിക്കുന്ന കുടുംബത്തിന്റെ പ്രതീക്ഷയും, ഡാനിയുടെ സ്വപ്നവുമായിരുന്നു ഡോക്ടറാവുകയെന്നത്. എന്നാൽ കടുത്ത സാന്പത്തിക ബുദ്ധിമുട്ടുമൂലം പഠനം മുടങ്ങുമെന്ന ഘട്ടത്തിലാണ് വെളിയനാട് ഹൈസ്കൂളിലെ കുട്ടികൾ സഹായ ഹസ്തവുമായി രംഗത്തെത്തിയത്. അധ്യാപകരും,വിദ്യാർഥികളും ഡാനിയെ ഡോക്ടറാക്കുകയെന്ന ഉദ്യമം ഏറ്റെടുക്കുകയായിരുന്നു. ഇതിനായി സ്കൂളിലെ പൂർവ വിദ്യാർഥികളുടേയും, രക്ഷാകർത്താക്കളുടേയുമെല്ലാം സഹായം തേടി.
രണ്ടാഴ്ച കൊണ്ട് രണ്ടരലക്ഷത്തോളം രൂപ സമാഹരിച്ചു. സ്കൂളിലെ മികച്ച എൻസിസി കേഡറ്റുകൂടിയായിരുന്നു ഡാനി. എറണാകുളം ബെറ്റാലിയന്റെ കീഴിലുള്ള എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ധനസമാഹരണം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. നേരത്തെയും സ്കൂളിലെ എൻസിസി യൂണിറ്റ് സാമൂഹ്യ സേവന മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സ്കൂളിലെ കായിക അധ്യാപകനും എൻസിസി ഓഫീസറുമായ പി.പി. ബാബുവാണ് ധനസമാഹരണത്തിനു നേതൃത്വം നൽകുന്നത്.
മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിൽ നടന്ന ചടങ്ങിൽ ഡാനിയുടെ പിതാവ് ഏലിയാസിന് പ്രധാന അധ്യാപിക സിസ്റ്റർ ടി. ആനിയമ്മ തുക കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ജെസി പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗം രാജീവ് ശ്രീധരൻ, പഞ്ചായത്തംഗങ്ങളായ എം.സി. സജികുമാർ, ജെയിൻ കെ. പുന്നൂസ്, ഷീബ സുധാകരൻ, പിടിഎ പ്രസിഡന്റ് എം.ടി. ഹരിദാസ്, സ്റ്റാഫ് സെക്രട്ടറി എം.ഇ. മോളി, എൻസിസി ഓഫീസർ പി.പി. ബാബു, രാജീവ് എം. വർഗീസ്, സജി ഫിലിപ്പ്, എൽദോ ചാക്കോ എന്നിവർ പ്രസംഗിച്ചു.