തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി ഡോക്ടറായ വെഞ്ഞാറമൂട് സ്വദേശിനി ഷഹാന (27) യുടെ മരണം അമിതമായി അനസ്തേഷ്യ മരുന്ന് ഉള്ളിൽ ചെന്നത് മൂലമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസം രാത്രിയാണ് ഷഹാനയെ മെഡിക്കൽ കോളജിന് സമീപത്തെ ഇവർ താമസിക്കുന്ന ഒരു ഫ്ലാറ്റിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഡോക്ടറുടെ വിവാഹം നിശ്ചയിച്ചിരുന്നു എന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് സൂചന.
ഫ്ലാറ്റിനുള്ളിൽ മുറിയിൽ ബോധരഹിതയായി കിടന്ന ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ടിൽ ഉള്ളത്.
ശരീരത്തിൽ അമിതമായി അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണ കാരണമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.
അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത് എന്നും ഡോക്ടറുടെ ബന്ധുക്കൾ പരാതി നൽകിയാൽ മാത്രമേ കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്നുമാണ് മെഡിക്കൽ കോളജ് സി.ഐ വ്യക്തമാക്കിയത്.
ഷഹാനയുടെ മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പിന് സമാനമായ കത്ത് കണ്ടെത്തിയിരുന്നു. ‘എല്ലാവര്ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്ന് കുറിപ്പിൽ എഴുതിയിരുന്നു.
ഷഹാന ആത്മഹത്യ ചെയ്തത് സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണെന്ന് ഷഹാനയുടെ കുടുംബം ആരോപിച്ചിരുന്നു.