സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശന്പളം കൂട്ടാൻ തീരുമാനിച്ചതോടെ അതിനുള്ള വക കണ്ടെത്താൻ ഇപ്പോഴേ പിഴിയൽ നടപടികളുമായി സ്വകാര്യ ആശുപത്രികൾ. ഒറ്റയടിക്ക് ആശുപത്രികളിലെ പരിശോധനാ ചാർജ് കൂട്ടിയാണ് സാധാരണക്കാരുടെ കീശ പിടിച്ചുപറിക്കുന്നത്.
കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യക്ലിനിക്കിൽ കുറച്ചുനാൾ മുന്പുവരെ 50 രൂപയായിരുന്നു പരിശോധനാഫീസ്. ഇപ്പോഴത് നൂറുരുപയാക്കി. ഇത് ചോദ്യം ചെയ്തവരോട് ജിഎസ്ടിയും നഴ്സുമാരുടെ ശന്പളവർധനവുമെല്ലാമാണ് ഇതിനുകാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.എന്നാൽ നഴ്സുമാരുടെ ശന്പളം ഇരട്ടിയതിലധികമാക്കിയോ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. പ്രധാന ആശുപത്രികളിലെല്ലാം സമീപകാലത്തായി ഇതാണ് അവസ്ഥ.
200 രൂപയുണ്ടായിരുന്ന പരിശോധനാഫീസ് മിക്കയിടത്തും 300 ആക്കി. ഹോസ്പിറ്റലിൽ നിന്നും നൽകുന്ന മരുന്നിന് വേറെ പണവും നൽകണം. ജലദോഷം വന്നാൽ പോലും കയ്യിൽ നിന്നും 200 രൂപയെക്കിലും പോകുമെന്നർഥം. അനാവശ്യമായി മരുന്നുകൾ എഴുതുക, ടിടി അടിക്കുക തുടങ്ങിയ സംഭവങ്ങളും സ്വകാര്യ ആശുപത്രികളിൽ അരങ്ങേറുന്നു. ടിടി ഉൾപ്പെടെ പരിശോധനാഫീസ് അടപ്പിക്കുന്ന ആശുപത്രികളും ഉണ്ട്.ഏത് അസുഖത്തിനും “ടിടി ഫ്രീ’ എന്ന രീതിയിലാണ് കാര്യങ്ങൾ.
സംസ്ഥാനത്താകെ അലയടിച്ച നഴ്സുമാരുടെ സമരം ശക്തമാകുന്നതിനിടെ കഴിഞ്ഞ ജുലൈ 20ന് മുഖ്യമന്ത്രി ഇടപെട്ട് ശന്പളം കൂട്ടാൻ ആശുപത്രി മാനേജ്മെന്റുകളുമായി ധാരണയിലെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ സമരം പിൻവലിച്ച നഴ്സുമാർക്ക് കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ഏറ്റവും കൂടിയ ശന്പളം 22.650, കുറഞ്ഞത് 17, 680 എന്നിങ്ങനെയാണ് സർക്കാർ ഇറക്കിയ പ്രാഥമിക വിജ്ഞാപനത്തിൽ പറയുന്നത്.
ആശുപത്രികളിൽ കിടത്തിചികിത്സിക്കുന്നവരുടെയും കിടക്കകളുടെ എണ്ണവും അനുസരിച്ചാണ് തരം തിരിച്ചിരിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ തുടർ നടപടികൾ സ്വീകരിച്ച് അന്തിമ വിജ്ഞാപനമാകും. ഇതിനും ഒരുമുഴം മുൻപേ നീട്ടി എറിയുകയാണ് ഒരുവിഭാഗം സ്വകാര്യ ആശുപത്രികൾ. ശന്പളം കൂട്ടിയാൽ ദുരിതം സാധാരണക്കാർക്കുതന്നെയെന്നാണ് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
ശന്പളവർധനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകളുടെ തരംതാഴ്ത്തൽ അടക്കം പ്രതികാര നടപടികൾ തുടരുന്ന സാഹചര്യമാണ് സ്വകാര്യ ആശുപത്രികളിൽ നിലവിലുളളത്. ഉയർന്ന തസ്തികകളിൽനിന്ന് നഴ്സുമാരെ തരംതാഴ്ത്തുന്നു, ആറും ഏഴും വർഷം പ്രവർത്തി പരിചയമുള്ള നഴ്സുമാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികൾ മാനേജ്മെന്റ് സ്വീകരിച്ചിട്ടും സർക്കാറിന് അനങ്ങാപ്പാറ നയമാണ്.