ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസം ആശുപത്രിക്കുള്ളിൽ ഡോക്ടർ വെടിയേറ്റു മരിച്ച സംഭവത്തിന് പിന്നിൽ 1,200 രൂപയുടെ ബില്ലിനെച്ചൊല്ലിയുണ്ടായ തർക്കം. കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിൽ നടന്ന കൊലപാതകത്തിന് പിന്നാലെ പിടിയിലായ മൂന്നു കൗമാരക്കാരിൽ ഒരാളാണ് സംഭവങ്ങളുടെ സൂത്രധാരൻ.
ഫരീദാബാദിലുണ്ടായ അപകടത്തെത്തുടർന്നാണ് ഇയാൾ ആശുപത്രിയിലെത്തിയത്. പരിശോധിച്ച ഡോ. ജാവേദ് അക്തർ 1,200 രൂപയുടെ ബില്ല് നൽകി. തുക അധികമാണെന്ന് പറഞ്ഞ് തർക്കമുണ്ടായി. പിന്നാലെ 400 രൂപ കൊടുത്തശേഷം ഇയാൾ ഇറങ്ങിപ്പോയി.
ഈ സംഭവത്തിനുശേഷം പത്ത് ദിവസം കഴിഞ്ഞ് ബാൻഡേജ് നീക്കം ചെയ്യാനായി ഒരു ബന്ധുവിനൊപ്പം വീണ്ടും ആശുപത്രിയിലെത്തി. ആശുപത്രി ജീവനക്കാർ അന്ന് ചികിത്സ നിഷേധിച്ചുവെന്നും ഡോക്ടർ അപമാനിച്ചുവെന്നും പ്രതിയുടെ മൊഴിയിൽ പറയുന്നു. ഇതിന് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയും മറ്റ് രണ്ട് സുഹൃത്തുക്കളുടെ സഹായം തേടുകയുമായിരുന്നത്രെ. ഇതിനായി ഒരു പിസ്റ്റളും സംഘടിപ്പിച്ചു.
യുവാവിന്റെ കൂട്ടുകാരിലൊരാൾ കൊലപാതകത്തിന് തലേദിവസം ആശുപത്രിയിൽ എത്തിയിരുന്നു. ഒരു പരിക്കുമായാണ് ഇയാൾ എത്തിയതെങ്കിലും കൊലപാതകത്തിനുള്ള ആസൂത്രണമായിരുന്നു ലക്ഷ്യം. പിറ്റേദിവസം ഡ്രസിംഗ് മാറ്റാനെന്ന പേരിൽ സംഘത്തിലെ മൂന്നു പേരും വീണ്ടുമെത്തി. ഡ്രസിംഗിനുശേഷം ഡോക്ടറുടെ മുറിയിലേക്ക് കയറി വെടിയുതിർക്കുകയായിരുന്നു. കൊലപാതകശേഷം പ്രധാന സൂത്രധാരൻ സോഷ്യൽ മീഡിയയിൽ സ്വന്തം ഫോട്ടോ ഉൾപ്പെടെ പോസ്റ്റിടുകയും ചെയ്തിരുന്നു.