നാഗ്പുർ: സമയത്ത് ചായ കിട്ടാത്തതിന് ഡോക്ടർ ശസ്ത്രക്രിയ നിർത്തിവച്ച് ഓപ്പറേഷൻ തിയറ്ററിൽനിന്ന് ഇറങ്ങിപ്പോയി. മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഖാട്ട് ഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സ്ത്രീകൾക്ക് കുടുംബാസൂത്രണ ശസ്ത്രക്രിയ നടത്തുമ്പോ ഴായിരുന്നു സംഭവം.
എട്ടു സ്ത്രീകൾക്കാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നത്. ഇതിൽ നാലാമത്തെ സ്ത്രീയുടെ ശസ്ത്രക്രിയ പൂർത്തിയായപ്പോഴാണ് ചായ കിട്ടാത്തതിന്റെ പേരിൽ തേജ്റംഗ് ഭലാവി എന്ന ഡോക്ടർ കോപത്തോടെ ഓപ്പറേഷൻ തിയറ്റർ വിട്ടത്.
മറ്റ് ജൂണിയർ ഡോക്ടർമാരും നഴ്സുമാരും ഡോക്ടറോടു യാചിച്ചെങ്കിലും ദയ കാട്ടിയില്ല. ഭാലവി സ്ഥലംവിട്ടതിനാൽ ബാക്കിയുള്ള ഓപ്പറേഷൻ പൂർത്തിയാക്കാൻ മറ്റൊരു ഡോക്ടറെ വിളിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റത്തിനു ഭലാവിക്കെതിരേ അന്വേഷണം ആരംഭിച്ചു. സംഭവദിവസം പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ലെന്നും തന്റെ ആരോഗ്യനില വഷളായതിനാലാണ് ആശുപത്രി വിട്ടതെന്നുമാണ് ഭലാവി പറയുന്നത്.