നെടുമ്പാശേരി: അത്താണിയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ മോഷണം നടത്തിയ സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. മോഷണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് 40ഓളം പേരെ പോലീസ് ചോദ്യം ചെയ്യുകയും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കുകയും ചെയ്തെങ്കിലും അന്വേഷനത്തിന് സഹായകമായ വിവരങ്ങള്‍ ലഭ്യമായില്ല.
അത്താണി കെഎസ്ഇബിക്കു സമീപം താമസിക്കുന്ന ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മാന്പറ്റേത്തു പറുദീസയിൽ ഡോ. ഗ്രേസ് മാത്യൂസിന്റെ വീട്ടിലാണു 16നു പുലർച്ചെ കവർച്ച നടന്നത്. 80 പവന് സ്വര്‍ണാഭരണങ്ങളും, ഒന്നര ലക്ഷം രൂപ വില വരുന്ന വജ്രമാലയും, 70,000 രൂപയുമാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്.
മുഖംമൂടി ധാരികളായ കവര്‍ച്ചാസംഘം വീടിന്റെ പിന്നിലെ വാതില്‍ തകർത്താണ് അകത്തുകടന്നത്. ഭര്‍ത്താവ് ന്യൂയോര്‍ക്കിലും, ഏക മകന് മുംബൈയില്‍ നേവിയിലും ജോലി ചെയ്യുന്നതിനാല്‍ ഡോകടര്‍ ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്.
ആലുവ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
മോഷണത്തില്‍ നേരിട്ട് ബന്ധപ്പെടുകയോ, മോഷ്ടാക്കളെ സഹായിക്കുകയോ ചെയ്ത ചില പ്രാദേശിക സംഘാംഗങ്ങളെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞതായാണ് വിവരം.
ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചെങ്ങമനാട് എസ്ഐ എ.കെ.സുധീറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതും കേസന്വേഷണത്തിന്റെ പുരോഗതിയെ ബാധിച്ചു. മോഷണം നടത്തിയ രണ്ടംഗ സംഘം സംസ്ഥാനം വിട്ടതായാണ് ഇപ്പോള്‍ അന്വേഷണ സംഘത്തില്‍നിന്ന് ലഭിക്കുന്ന സൂചന.