സ്വന്തം ലേഖിക
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുള്ള രക്ഷിതാക്കൾക്ക് എന്നും മനസിൽ തീയാണ്. അവർക്കായുള്ള ചികിൽസ, പണചിലവ്, എന്നിവയെല്ലാം അവരെ അലട്ടുന്നു. എന്നാൽ ഇത്തരക്കാർക്ക് പ്രമുഖ ഡോക്ടറമാരുടെയും ഫിസിഷൻമാരുടെയും സഹായം ലഭിച്ചാലോ, അതും സൗജന്യമായി.വിപ്ലവകരമായ ഈ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് കോഴിക്കോട് നഗരം.
ജില്ലയിലെ ഭിന്നശേഷികുട്ടികൾക്ക് മെച്ചപ്പെട്ട പ്രാദേശിക തെറാപ്പി സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. കോഴിക്കോട് സർവ്വ ശിക്ഷാ അഭിയാനും കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കോന്പസിറ്റ് റീജിണൽ സെന്റർ ഫോർ പേർസണ്സ് വിത്ത് ഡിസെബിലിറ്റീസും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്തമാസം ഒന്ന് മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നത്.
ലവിൽ ജില്ലയിലെ സർക്കാർ, എയ്ഡഡ് പൊതുവിദ്യാലയങ്ങളിലായി പതിനായിരത്തോളം ഭിന്നശേഷി കുട്ടികൾ പഠിക്കുന്നുണ്ട്. ഇവർക്കുള്ള തെറാപ്പി സൗകര്യങ്ങൾ മെഡിക്കൽകോളജ് ഇംഹാൻസിലും, കോന്പോസിറ്റ് റീജിണൽ സെൻറർ ഫോർ പേഴ്സണ്സ് വിത്ത് ഡിസബിലിറ്റീസിലുമായി അനവധിയുണ്ടെങ്കിലും അതിന്റെ പ്രയോജനം 100 ശതമാനം കുട്ടികളിലേക്കും എത്തുന്നില്ല എന്നതാണ് വാസ്തവം.
കുടുംബങ്ങളിലെ ദാരിദ്ര്യം, യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് , കുട്ടികളുടെ അപകർഷതാബോധം എന്നിങ്ങനെ നിരവധി കാരണങ്ങളാൽ ഇത്തരം സൗകര്യങ്ങൾ കുട്ടികളുടെ രക്ഷിതാക്കൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. ഇത്തരകാർക്കായാണ് പ്രാദേശിക തെറാപ്പി യൂണിറ്റുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. വീടിനു സമീപത്തുതന്നെ ഇത്തരം കേന്ദ്രങ്ങൾ ഉള്ളപ്പോൾ അവർക്കും അത് വലിയൊരു ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.
സിആർസി യിലെ ഡോക്ടർമാരും തെറാപ്പിസ്റ്റുകളും ചേർന്ന് ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലേക്ക് ചെന്ന് കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതിയാണിത്. സർവ്വശിക്ഷ അഭിയാന്റെ കീഴിൽ റവന്യൂ ജില്ലയിൽ 15 ഇടങ്ങളിലാണ് സെന്ററുകളാണുള്ളത്. ഓരോ സെൻററിൻറെയും കീഴിലുളള സ്കൂളികളിലെ വിദ്യാർഥികൾക്ക് അതത് സ്കൂളുകളിൽ നിന്നും ചികിൽസയും പരിചരണവും നേടാം.
സിആർസി യിലെ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധർ സെന്ററുകളിലെത്തി തെറാപ്പി നടത്തും. പഠന വൈകല്യമുള്ള കുട്ടികളും ഇക്കൂട്ടത്തിൽപെടും. ഇവർക്കായി സിആർസി സ്പെഷൽ എഡ്യുക്കേഷൻ, ക്ലിനിക്കൽ സൈക്കോളജി ഡിപ്പാർട്ടുമെൻറുകളുടെ നേതൃത്വത്തിൽ ക്യാന്പുകൾ നടത്തും. കോഴിക്കോട്, കൊടുവള്ളി, വടകര, പേരാന്പ്ര, മാവൂർ, കുന്നുമ്മൽ എന്നിവടങ്ങളിലുള്ള ഓട്ടിസം സെന്ററുകളിലെ ഓട്ടിസം രോഗബാധിതരായ 165-കുട്ടികൾക്കും തെറാപ്പി നൽകും.
നിലവിൽ ഈ സെന്ററുകളിൽ ട്രെയിനിംഗ് നൽകുന്നതിന് ഓട്ടിസത്തിൽ വിദഗ്ദരായ ട്രെയിനിംഗ് ജീവനക്കാർ ഇല്ല. മറിച്ച് റിസോഴ്സ് അധ്യാപകരാണ് ഇത് ചെയ്യുന്നത്. നിരന്തരമായ തെറാപ്പിയിലൂടെ അദ്ഭുതകരമായ മാറ്റങ്ങൾ ഭിന്ന ശേഷി കുട്ടികളിലും ഓട്ടിസം കുട്ടികളിലുംവരുത്താൻ സാധിക്കുമെങ്കിലും പതിനാലായിരത്തോളം വരുന്ന കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ അവ നൽകുക എന്നത് അസാധ്യമാണ്.
അതിനാൽ കുറഞ്ഞത് മാസത്തിൽ ഒരു തവണയെങ്കിലും ഒരു കുട്ടിക്ക് തെറാപ്പി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ പ്രോഗ്രാം ഓഫീസർ എ.കെ അബ്ദുൾ ഹക്കീം രാഷ്ട്ര ദീപികയോടു പറഞ്ഞു. ഈ പദ്ധതിക്കു ഇംഹാൻസിലെയും സിആർസി യിലെയും സംവിധാനങ്ങളും തെറാപ്പിസ്റ്റുകളും മതിയാകാതെ വരുന്ന സാഹചര്യത്തിൽ കൂടുതൽ ഫണ്ട് കണ്ടെത്തുവാൻ സഹായിക്കാമെന്ന് എം.കെ രാഘവൻ എംപി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജില്ലാ പ്രോഗ്രാം ഓഫീസർ പറഞ്ഞു.