നെടുമ്പാശേരി: അത്താണിയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി വീട്ടിൽ നിന്നു 80 പവൻ സ്വർണവും 70,000 രൂപയും ഒന്നര ലക്ഷം രൂപയുടെ വജ്ര നക്ലസും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അത്താണി കെഎസ്ഇബിക്കു സമീപം താമസിക്കുന്ന ഡോ. ഗ്രേസ് മാത്യൂസി(55)ന്റെ വീട്ടിലാണു കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കവർച്ച നടന്നത്. സംഭവത്തിൽ പ്രാദേശിക മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഡോക്ടറുടെ വീട്ടിലെ രണ്ടു ജോലിക്കാർ, നഴ്സ് എന്നിവരെ ഉൾപ്പെടെ മുപ്പതോളം പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഭർത്താവ് വിദേശത്തും ഏക മകൾ മുംബൈയിലുമാണെന്നും ഡോക്ടർ തനിച്ചാണു താമസിക്കുന്നതെന്നും വീടിനെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവർച്ചയ്ക്കു പിന്നിലെന്നാണു പോലീസിന്റെ നിഗമനം.
ആലുവ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് സംഘം പരിശോധിച്ചു വരികയാണ്.
മോഷ്ടാക്കൾ മലയാളത്തിലാണ് ഡോക്ടറെ ഭീഷണിപ്പെടുത്തിയത്. പറവൂരിൽനിന്ന് നെടുമ്പാശേരിയിലേക്കുള്ള തിരക്കേറിയ റോഡിന്റെ വശത്താണ് ഡോക്ടറുടെ വീട്. പിൻഭാഗത്ത് അടുക്കളയുടെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു പ്രവേശിച്ചത്.
മോഷണത്തിന്റെ രീതി പരിശോധിച്ചതിൽ നിന്നു പ്രഫഷണൽ സംഘമല്ല ഇതിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. ആഭരണങ്ങളും പണവും കവർന്ന ശേഷം രണ്ടു മോഷ്ടാക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കൾ ഉടൻ വലയിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.