നെടുന്പാശേരി: അർധരാത്രി വീട്ടിൽ കയറി വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി 80 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുടെ വജ്ര മാലയും 70,000 രൂപയും കവർന്ന കേസിൽ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായി സൂചന. വിവിധ തലത്തിൽ അന്വേഷണം പുരോഗമിക്കവേ പ്രതികളെന്നു സംശയിക്കുന്നവർ അധികൃതരുടെ നിരീക്ഷണത്തിലാണെന്നും വിവരങ്ങളുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആലുവ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ഡോക്ടറുടെ വീടുമായി അടുത്ത ബന്ധമുള്ളവർ ഉൾപ്പെടെ 35 ഓളം പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തു. സമീപ പ്രദേശങ്ങളിലുള്ള 15 ഓളം സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു.
വിരലടയാള വിദഗ്ദരുടെ സഹായവും ലഭ്യമാക്കിയിരുന്നു. രണ്ടുദിവസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ 16 നാണ് അത്താണി കെഎസ്ഇബി ഓഫീസിന് സമീപം തനിച്ച് താമസിക്കുന്ന ഡോ. ഗ്രേസിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ കവർച്ച നടത്തിയത്.
ഡോക്ടറുടെ ഭർത്താവ് വിദേശത്തും ഏക മകൻ മുംബൈയിൽ മർച്ചന്റ് നേവിയിലുമാണ് ജോലി ചെയ്യുന്നത്. അടുക്കള വാതിൽ പൊളിച്ച് അകത്തുകയറിയ കവർച്ചാ സംഘം വീടിന്റെ പിൻഭാഗത്ത് കൂടി തന്നെ രക്ഷപ്പെടുകയായിരുന്നു.മുഖംമൂടിധാരികളായ രണ്ടുപേരും അടിവസ്ത്രം മാത്രമാണു ധരിച്ചിരുന്നത്.
വീട്ടിലെ മറ്റു മുറികൾ പരിശോധിച്ച ശേഷമാണ് മോഷ്ടാക്കൾ താഴത്തെനിലയിലെ ഡോക്ടറുടെ കിടപ്പുമുറിയിൽ എത്തിയതെന്നാണു വിവരം. ശബ്ദം കേട്ട് എഴുന്നേൽക്കാൻ ശ്രമിച്ച ഡോക്ടറെ കട്ടിലിൽ തള്ളിയിട്ടു കുപ്പി വീശി തലയ്ക്കടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്.