അമ്പലപ്പുഴ: ഡോക്ടർ പതിവായി വൈകിയെത്തുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി ഗേറ്റ് പൂട്ടി. വൈകിയെത്തിയ ഡോക്ടറെ പ്രവർത്തകർ തടഞ്ഞുവച്ചു. തകഴി പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. കരുവാറ്റാ സ്വദേശിനിയായ ഡോക്ടർ പതിവായി 10 മണി കഴിഞ്ഞാണ് ആശുപത്രിയിൽ എത്തുന്നതെന്നാണ് ആരോപണം. രാവിലെ ഒമ്പതുമുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് ഒപി സമയം. എങ്കിലും ഉച്ചയാകുമ്പോൾ ഡോക്ടർ മടങ്ങിപ്പോകാറാണ് പതിവ്.
പലതവണ നാട്ടുകാരും രോഗികളും ഈ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ രാവിലെ ഒമ്പതിനു ഡോക്ടർ എത്താതിരുന്നതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി ഗേറ്റ് പൂട്ടിയിട്ടത്. പിന്നീട് 10.15 ഓടെയാണ് ഡോക്ടർ എത്തിയത്. അകത്തേക്കു പ്രവേശിക്കാൻ ശ്രമിച്ച ഡോക്ടറെ പ്രവർത്തകർ തടഞ്ഞു. പിന്നീട് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി ഇവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഡോക്ടർക്ക് അകത്തേക്കു പ്രവേശിക്കാൻ കഴിഞ്ഞത്.
ഉച്ചയോടെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വസന്തദാസും സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു, ഗ്രാമപഞ്ചായത്തംഗം രഞ്ജിത്ത് എന്നിവരുമായി ചർച്ച നടത്തിയ ഡിഎംഒ ഡോക്ടറുമായി കൂടിക്കാഴ്ച നടത്തി. ഡോക്ടർ കൃത്യസമയത്ത് എത്താൻ നടപടി സ്വീകരിക്കുമെന്ന ഡിഎംഒയുടെ ഉറപ്പിന്മേൽ ഉച്ചകഴിഞ്ഞു രണ്ടോടെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധപരിപാടി അവസാനിപ്പിച്ചു. ഡിവൈഎഫ്ഐ തകഴി ഏരിയാ സെക്രട്ടറി മദൻലാൽ ധർണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം രഞ്ജിത്ത്, ഡിവൈഎഫ്ഐ ഭാരവാഹികളായ സി.ആർ. സുധീഷ്, കലേഷ്, ശ്യാം, അനിത, ദമത്ത് ലാൽ എന്നിവർ നേതൃത്വം നൽകി.