കളമശേരി: അപകടത്തിൽപ്പെട്ട് തുടയെല്ല് പൊട്ടിയെത്തിയ രോഗിയുടെ ഓപ്പറേഷൻ 18 ദിവസത്തേക്ക് നീട്ടി വച്ച എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർക്കെതിരേ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ എട്ടിന് അപകടത്തിൽപ്പെട്ട ചോറ്റാനിക്കര സ്വദേശി കോവിലകം ശ്രീകുമാറി(46) ന്റെ ഓപ്പറേഷനാണ് അകാരണമായി നീട്ടിവച്ചത്. മാധ്യമങ്ങളിൽ വാർത്ത വന്നതിനെത്തുടർന്ന് ഇന്നലെ രാവിലെ ഏഴിന് ഓപ്പറേഷൻ നടത്തി. ശ്രീകുമാർ സുഖം പ്രാപിച്ച് വരികയാണ്.
കാലിന്റെ മുട്ടിന് താഴെ കമ്പിയിട്ട ശ്രീകുമാർ വേദന കടിച്ചമർത്തിയാണ് 18 ദിവസം കാൽ തൂക്കിയിട്ട് കിടന്നത്. എന്നാൽ എന്തുകൊണ്ടാണ് ഇത്ര ദിവസം വേണ്ടിവന്നതെന്ന് പ്രതികരിക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ആർഎംഒ, മെഡിക്കൽ സൂപ്രണ്ട് എന്നിവർ തയാറായില്ല.
എറണാകുളം നോർത്തിലെ ഒരു കെട്ടിടത്തിൽ ഷീറ്റ് മാറ്റിയിടുന്നതിനിടെ കാൽ വഴുതി താഴെ വീണാണ് ശ്രീകുമാറിന് പരിക്കേറ്റത്. വീഴ്ചയിൽ തുടയെല്ല് പൊട്ടിയതിനെത്തുടർന്ന് ചികിത്സയ്ക്കായി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
അന്നുതന്നെ കാലിന്റെ മുട്ടിനു താഴെ കമ്പിയിട്ടു. ഓപ്പറേഷൻ അടുത്ത ദിവസത്തേക്ക് ഡോക്ടർ നിർദേശിക്കുകയും ചെയ്തു. മെഡിക്കൽ കോളജിലെ ആർ വിഭാഗം വാർഡിൽ അഡ്മിറ്റ് ആയെങ്കിലും വിവിധ പരിശോധന നടത്തി ഓപ്പറേഷനു വേണ്ട ഒരുക്കങ്ങൾ നടത്തുമെങ്കിലും അവസാന നിമിഷം നീട്ടി വയ്ക്കും. കാരണം ചോദിച്ചാൽ ഡോക്ടറിന് തിരക്കാണെന്നാണ് മറുപടി ലഭിച്ചത്.
രണ്ട് മക്കളിൽ ഒരാൾ ഭിന്നശേഷിക്കാരനായതിനാൽ ഭാര്യയ്ക്ക് വീട്ടിൽ നിന്ന് മാറിനിക്കാനും സാധിച്ചില്ല. ഒറ്റയ്ക്കാണ് ശ്രീകുമാർ ഇത്രയുംനാൾ കിടക്കയിൽ ചെലവഴിച്ചത്. റേഷൻ കാർഡ് എപിഎൽ എന്ന പേരിൽ വെള്ളകാർഡായി കഴിഞ്ഞ ദിവസം ലഭിച്ചതിനാൽ ചികിത്സാനുകൂല്യങ്ങളും ലഭിച്ചില്ല. ഇതുവരെയുള്ള ചികിത്സാ ചെലവ് എന്ന നിലയിൽ 10,000 രൂപ കഴിഞ്ഞ ദിവസം അടച്ചിട്ടുണ്ട്.
ഇതിനിടയിൽ മുൻഗണനാക്രമം തെറ്റിച്ച് ഇതേ വാർഡിലെ രോഗികൾക്ക് ഓപ്പറേഷൻ നടന്നതായി സൂചനയുണ്ട്. ഇത് കൈക്കൂലി വാങ്ങി ചെയ്യുന്നതെന്നാണ് രോഗികളുടെ ആരോപണം.