അമ്പതിലധികം കൊലപാതകക്കേസിന്റെ സൂത്രധാരനായ ആയുർവേദ ഡോക്ടർ പിടിയിൽ. പരോളിലിറങ്ങി മുങ്ങിയ ഇയാളെ ഡൽഹിയിൽ നിന്നാണ് പിടികൂടിയത്. ഉത്തർപ്രദേശ് അലിഗഢ് സ്വദേശിയായ ദേവേന്ദർ ശർമ(62)യാണ് അറസ്റ്റിലായത്.
ഇയാൾ നൂറിലധികം കൊലപാതകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ ചോദ്യംചെയ്യലിൽ 50 കൊലക്കേസുകൾ മാത്രമാണ് തനിക്ക് ഓർമ്മയുള്ളതെന്നാണ് പ്രതി വെളിപ്പെടുത്തിയത്. കൃത്യമായ കണക്ക് ഓർമ്മ കിട്ടുന്നില്ലെന്നും പറഞ്ഞു. ബിഹാറിൽനിന്നാണ് ദേവേന്ദർ ശർമ ബി.എ.എം.എസ് ബിരുദം നേടുന്നത്.
വ്യാജ ഗ്യാസ് ഏജൻസിയും കിഡ്നി കച്ചവടവും
1984-ൽ ജയ്പുരിൽ ക്ലിനിക്ക് ആരംഭിച്ചു. 1992-ൽ പാചകവാതക ഡീലർഷിപ്പിൽ 11 ലക്ഷം രൂപ മുടക്കിയെങ്കിലും പണം നഷ്ടമായി. ഇതോടെ പണം തിരിച്ചുപിടിക്കാൻ അലിഗഢിൽ വ്യാജ ഗ്യാസ് ഏജൻസി ആരംഭിച്ചു.
ഈ കേസിൽ ഇയാൾ അറസ്റ്റിലായി. എന്നാൽ ജയിലിൽ നിന്ന് പുറത്തിറങ്ങി വ്യാജ ഗ്യാസ് ഏജൻസിക്ക് പുറമേ, അന്തർസംസ്ഥാന വൃക്ക വ്യാപാര റാക്കറ്റിലും ഇയാൾ പങ്കാളിയാവുകയായിരുന്നു. 125 കിഡ്നികൾ അഞ്ച് ലക്ഷം മുതൽ ഏഴ് ലക്ഷം രൂപവരെ വാങ്ങി വിറ്റതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.
2001-ൽ അംറോഹയിലും വ്യാജ ഗ്യാസ് ഏജൻസി ആരംഭിച്ചെങ്കിലും വീണ്ടും പോലീസിന്റെ പിടിയിലായി. ഇതോടെ വീണ്ടും ജയ്പുരിലെത്തി ക്ലിനിക്ക് തുടങ്ങി. ഇക്കാലയളവിലാണ് കൊലയാളി സംഘങ്ങളുമായി അടുപ്പത്തിലായത്.
മൃതദേഹം മുതലകൾക്ക്
ടാക്സി കാറുകൾ വാടകയ്ക്ക് വിളിച്ച് ഡ്രൈവറെ കൊലപ്പെടുത്തി കാർ തട്ടിയെടുക്കുന്ന സംഘമായിരുന്നു ശർമയുടെ കൂട്ടാളികൾ. നിരവധി നിരവധി ഡ്രൈവർമാരെയാണ് ഇവർ കൊന്നൊടുക്കിയത്.
അലിഗഢിലേക്ക് ഓട്ടം വിളിക്കുന്ന സംഘം ഡ്രൈവറെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം ഹസാറെ കനാലിലെ മുതലകൾക്ക് ഇട്ട് കൊടുക്കാറായിരുന്നു പതിവ്. കാറുകൾ വിൽക്കാൻ ഏർപ്പാടാക്കും.
ഇതിലൂടെ 25,000 രൂപവരെ കമ്മീഷനും ഇയാൾക്ക് ലഭിക്കാറുണ്ടായിരുന്നു. ഇതിനൊപ്പം പാചകവാതക ലോറികളും സംഘം തട്ടിയെടുത്തു. ലോറി ഡ്രൈവർമാരെ കൊലപ്പെടുത്തിയ ശേഷം പാചകവാതക സിലിണ്ടറുകൾ തട്ടിയെടുത്ത് വ്യാജ ഗ്യാസ് ഏജൻസി വഴി വിൽപന നടത്തും.
ലോറികൾ പിന്നീട് പൊളിച്ചുവിൽക്കും. പ്രതിയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞതോടെ ഭാര്യയും കുട്ടികളും ഇയാളെ ഉപേക്ഷിച്ചു.
“പുതിയ ജീവിതത്തിനായി’ മുങ്ങി
നിരവധി കൊലക്കേസുകളിൽ ശർമ പിടിയിലായെങ്കിലും ഏഴ് കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇതിലൊരു കേസിൽ തടവ് ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് പരോളിലിറങ്ങി മുങ്ങിയത്.
ഡൽഹിയിൽ വിധവയും അകന്ന ബന്ധുവുമായ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചുവരികയായിരുന്നു. ഇതിനിടെ, വസ്തുക്കച്ചവടവും ആരംഭിച്ചു. കഴിഞ്ഞദിവസം രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്.
പുതിയ മനുഷ്യനായി സമാധാനപരമായി ജീവിക്കാനാണ് ഡൽഹിയിലെത്തിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.