സീമ മോഹന്‍ലാല്‍
‘കവിത എനിക്ക് ഉപ്പാണ്. സന്തോഷത്തിന്റേതായാലും സന്താപത്തിന്റേതായാലും അശ്രുനീര്വാറ്റി പരല്‍രൂപത്തില്‍ ഉരുവായിത്തീര്‍ന്ന ഉപ്പ്. അത് പാകത്തിനു ചേര്‍ത്ത് ഞാന്‍ എന്റെ സഹയാത്രികര്‍ക്ക് നല്കുന്ന പാഥേയം മാത്രമാണ് പാട്ട്’- കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണായക സ്വാധീനമായിരുന്ന അന്തരിച്ച കവി ഒ.എന്‍.വി. കുറുപ്പിന്റെ വാക്കുകളാണിത്.
സമസ്ത ജീവജാലങ്ങളോടും മണ്ണിനോടും പുഴയോടും സൂര്യനോടും നക്ഷത്രങ്ങളോടും പൂക്കളോടുമെല്ലാം ഹൃദയപക്ഷം ചേര്‍ന്നു നില്ക്കുന്ന ഭാവഗീതങ്ങള്‍ സമ്മാനിച്ച കവിയും ഗാനരചയിതാവും ജ്ഞാനപീഠജേതാവുമായ ഒ.എന്‍.വി. കുറുപ്പിന്റെ കവിതാശകലങ്ങള്‍ കേട്ടാണ് മക്കള്‍ വളര്‍ന്നത്.
അദ്ദേഹത്തിന്റെ മകള്‍ ഡോ.മായാദേവി കുറുപ്പ് ആതുരസേവനരംഗത്തേക്ക് തിരിഞ്ഞെങ്കിലും നൃത്തത്തെ കൈവിട്ടില്ല. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ ഗൈനക്കോളജിസ്റ്റും നല്ലൊരു നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ് ഡോ.മായാദേവി കുറുപ്പ്.
നൃത്തത്തെ കൂട്ടുപിടിച്ച ബാല്യം
എനിക്ക് നാലു വയസുള്ളപ്പോള്‍ മുതല്‍ നൃത്തം പഠിച്ചു തുടങ്ങിയതാണ്. സ്വാതിതിരുനാള്‍ അക്കാദമിയിലെ തങ്കം ടീച്ചര്‍ ആയിരുന്നു ആദ്യഗുരു. അഞ്ചു വയസു മുതല്‍ തിരുവനന്തപുരം നൂപുര നൃത്തവിദ്യാലയത്തില്‍ നൃത്ത പഠനം തുടങ്ങി.
ലീലാ പണിക്കരുടെ കീഴില്‍ ഭരതനാട്യവും കെ.ആര്. കുറുപ്പിന്റെ കീ ഴില്‍ കണ്ടംപററി ഡാന്‍സും വെമ്പായം അപ്പുക്കുട്ടന്‍പിള്ളയുടെ ശിക്ഷണത്തില്‍ കഥകളിയും പഠിച്ചു. ആറാം ക്ലാസു മുതലാണ് മോഹിനിയാട്ടം പഠിച്ചു തുടങ്ങിയത്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയായിരുന്നു ഗുരു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഹിനിയാട്ടത്തില്‍ നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് ലഭിച്ചു. തുടര്‍ന്ന് ചന്ദ്രിക കുറുപ്പിന്റെ കീഴില്‍ കുച്ചിപ്പുടിയും ഒറീസയിലെ ഗുരുശ്രീനാഥ് മഹാറാണയുടെ കീഴില്‍ ഒഡീസിയും അഭ്യസിച്ചു. ഇപ്പോള്‍ സമയം കിട്ടുമ്പോഴെല്ലാം ശ്രീദേവി രാജന്റെ കീഴില്‍ മോഹിനിയാട്ടം പഠിക്കുന്നുണ്ട്.
മത്സരത്തിന് അയയ്ക്കാന്‍ മടിയുള്ള അച്ഛന്
പഠിക്കുന്ന കാലത്ത് എന്നെയും ചേട്ടനെയും മത്സരത്തിന് അയയ്ക്കാന്‍ അച്ഛന് മടിയായിരുന്നു. ചേട്ടന് രാജീവ് പത്തുവര്‍ഷം പാട്ടു പഠിച്ചിട്ടുണ്ട്. ഒഎന്‍വി കുറുപ്പിന്റെ മക്കള്‍ എന്ന നിലയില്‍ മത്സരങ്ങളില്‍ സമ്മാനം കിട്ടുന്നതിനോട് അച്ഛന് എതിര്‍പ്പായിരുന്നു.
ഞങ്ങളുടെ കഴിവുകൊണ്ട് മത്സരങ്ങളില്‍ വിജയിച്ചിരുന്നെങ്കിലും അച്ഛന് പലപ്പോഴും എതിര്‍പ്പ് സൂചിപ്പിച്ചിട്ടുണ്ട്. നിരവധി സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന സമയത്ത് നൃത്ത ഇനങ്ങള്‍ക്കായിരുന്നു എനിക്ക് സമ്മാനം ലഭിച്ചിരുന്നത്. എംബിബിഎസിനു ശേഷം ഉപരിപഠനത്തിനായി യുകെയില്‍ പോയപ്പോഴും നൃത്തത്തെ കൂടെ കൂട്ടി.
നൃത്തവിദ്യാലയവും
യുകെയിലെ വിവിധ ആശുപത്രികളില്‍ ഞാന്‍ പതിനഞ്ചുവര്‍ഷം ഉണ്ടായിരുന്നു. അവിടെ കലാ, സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനായി ശ്രുതി, കല എന്നീ സംഘടനകള്‍ക്ക് നേതൃത്വം നല്കി.
സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് അച്ഛനായിരുന്നു. അവിടെ 200 കുട്ടികള്‍ക്ക് ഞാന്‍ നൃത്ത ക്ലാസ് എടുത്തിരുന്നു. യുകെയില്‍ പലയിടങ്ങളിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
തിരക്കുകള്‍ക്കിടയിലെ പരിശീലനം
നൃത്തവും ആതുരശുശ്രൂഷയും എനിക്ക് ഒരുപോലെത്തന്നെയാണ്. അത് ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. തിരക്കുപിടിച്ച ആശുപത്രി ജീവിതത്തിനിടയിലും അരമണിക്കൂറെങ്കിലും ഞാന്‍ നൃത്ത പരിശീലനത്തിനായി മാറ്റിവയ്ക്കും. നൃത്തമെന്നു പറയുന്നത് ശരീരത്തിനുള്ള ഒരു എക്സര്‍സൈസ് മാത്രമല്ല, മറിച്ച് അത് മനസിനുള്ള ഒരു മരുന്നുകൂടിയാണ്.
അച്ഛന്റെ 84-ാം പിറന്നാളിന് അച്ഛന്റെതന്നെ നാലു കവിതകള്‍ കോര്‍ത്തിണക്കി ഞാനൊരു നൃത്തപരിപാടി അവതരിപ്പിച്ചിരുന്നു. അതിന് വളരെയധികം പ്രശംസ ലഭിക്കുകയുണ്ടായി. കൊറിയോഗ്രഫിയും ചെയ്യാറുണ്ട്. ആശുപത്രിയിലെ പരിപാടികളില്‍ ഞാന്‍ നൃത്തം അവതരിപ്പിക്കാറുമുണ്ട്.
കുടുംബത്തിന്റെ പിന്തുണ
ഭര്‍ത്താവ് ഡോ.വിജയ് ജയകൃഷ്ണന് ആസ്റ്റര്‍മെഡിസിറ്റിയില്‍ ന്യൂറോ റേഡിയോളജിസ്റ്റാണ്. കലാസാഹിത്യ രംഗങ്ങളില്‍ താല്പര്യമുള്ളയാളാണ് അദ്ദേഹം. അദ്ദേഹം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യും. അഭിനയിക്കുകയും ചെയ്യും.
മൂത്തമകള്‍ അമൃത വിവാഹിതയാണ്. ഭര്‍ത്താവ് പ്രണവ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റാണ്. അമൃത അഞ്ചുവയസു മുതല്‍ റിഗാറ്റ ഗിരിജാ ചന്ദ്രന്റെ കീഴില്‍ നൃത്തം അഭ്യസിച്ചു. ശ്രീദേവി രാജന്റെ കീഴില്‍ മോഹിനിയാട്ടവും അനുപമ മോഹന്റെ ശിക്ഷണത്തില്‍ കുച്ചിപ്പുടിയും അശ്വതി അനില്‍ നായരുടെ കീഴില്‍ കണ്ടംപററി ഡാന്‍സും അമൃത പഠിച്ചു.
കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിട്ടുള്ള അമൃത നല്ലൊരു കൊറിയോഗ്രാഫര്‍ കൂടിയാണ്. നല്ലൊരു പാട്ടുകാരിയായ ഇളയമകള്‍ സുമിത അമ്മയുടെയും ചേച്ചിയുടെയും ശിക്ഷണത്തിലാണ് മോഹിനിയാട്ടവും ഭരതനാട്യവും പഠിക്കുന്നത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ എനിക്കുണ്ട്. അതുതന്നെയാണ് എന്റെ വിജയവും.