കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറെ കാണാതായ സംഭവത്തില്‍ തീര്‍ത്ഥാടന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തീര്‍ത്ഥാടന സ്ഥലങ്ങളിലെവിടെയെങ്കിലും ഡോക്ടര്‍ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഇവിടങ്ങളില്‍ അന്വേഷിക്കുന്നത്. മറ്റു പോലീസ് സ്റ്റേഷനുകളിലേക്ക് ഡോക്ടറുടെ ഫോട്ടോ അയച്ചിട്ടുണ്ട്.
വീട്ടില്‍ നിന്ന് ഡോക്ടര്‍ ഓട്ടോ റിക്ഷയില്‍ കയറി പോവുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ കാമറകളിലും ഡോക്ടറോട് സാമ്യതയുള്ളയാളെ കാണുന്നുണ്ട്. എന്നാല്‍ ഇദ്ദേഹം ഡോക്ടറാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് നടക്കാവ് പോലീസ് അറിയിച്ചു.
റെയില്‍വേസ്റ്റേഷനില്‍ ഡോക്ടറോട് സാമ്യതയുള്ള ആളെ കണ്ടെത്തിയ സാഹചര്യത്തിലാണ് അടുത്ത ജില്ലകളിലും പുറത്തുമായുള്ള തീര്‍ത്ഥാടനസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. ഇതിനു പുറമേ എറണാകുളത്തും അന്വേഷിക്കുന്നുണ്ട്.
കണ്ണൂര്‍റോഡ് ഭാഗത്തെ ഗാന്ധിറോഡ് ജംഗ്ഷനിലെ ‘വസന്തം’ വീട്ടില്‍ ഡോ.വി.പി. അംബുജാക്ഷനെയാണ് ഞായറാഴ്ച ഉച്ചയോടെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ നടക്കാവ് പോലീസ് പരാതി നല്‍കുകയായിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ ഡോക്ടര്‍ വീട്ടില്‍ വച്ച് രോഗികളെ പരിശോധിച്ചിരുന്നു. ഉച്ചയ്ക്ക് 1.30 ന് ഭക്ഷണത്തിനായി വിളിച്ചപ്പോഴാണ് ഡോക്ടര്‍ വീട്ടിലില്ലെന്ന് മനസിലായത്.
ഗവ.മെഡിക്കല്‍കോളജില്‍ നിന്ന് ജനറല്‍ മെഡിസിന് പ്രൊഫസറായി വിരമിച്ച ഡോക്ടറാണ് അംബുജാക്ഷന്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും നടക്കാവ് പോലീസ് അറിയിച്ചു. ഫോണ്‍: 04952766433, 9497980720, 9497987181 .