ഒാമനയുമായുള്ള സംസാരത്തിൽനിന്ന് അവരൊരു ഡോക്ടർ ആണെന്നു പോലീസിനു മനസിലായി. അതോടെ അല്പം ബഹുമാനത്തോടെയാണ് പോലീസ് ഇടപെട്ടത്. സ്യൂട്ട് കേസിനുള്ളിൽ എന്താണെന്നു പോലീസ് ചോദിച്ചു. ശവം എന്നായിരുന്നു കൂസലെന്യേ അവരുടെ മറുപടി.
ഇതുകേട്ട പോലീസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. അവർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വൈകാതെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കം ഊട്ടി സ്റ്റേഷനിലേക്ക് എത്തി. എല്ലാവർക്കും മുന്നിൽ ദുരൂഹതയുടെ കൂടുപോലെ ഒാമന നിന്നു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എത്തിയതോടെ ദുർഗന്ധം വമിക്കുന്ന സ്യൂട്ട് കേസ് തുറക്കാൻ തീരുമാനിച്ചു.
ഇതിനകം സ്യൂട്ട് കേസിന്റെ വശങ്ങളിൽ ചോരക്കറകൾ പോലെയുള്ള പാടുകൾ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ഉള്ളിൽ ശവം
ഉള്ളിൽ ശവം എന്നു ഒാമന പറഞ്ഞെങ്കിലും സ്യൂട്ട് കേസിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. അങ്ങനെ അവർ ആ സ്യൂട്ട്കേസ് തുറന്നു.
ഞെട്ടലോടെയാണ് അവർ ആ കാഴ്ചകണ്ടത്. നിരവധി കേസുകൾ അന്വേഷിക്കുകയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തുകയുമൊക്കെ ചെയ്തിട്ടുള്ള പോലീസുകാർ പോലും വിറങ്ങലിച്ചുനിന്നു. സ്യൂട്ട്കേസിൽ ഇരുപത്തഞ്ചോളം ചെറിയ പ്ലാസ്റ്റിക് കൂടുകളിൽ മാംസം കൊത്തിയരിഞ്ഞു കെട്ടിപ്പൊതിഞ്ഞിരിക്കുന്നു.
ചെത്തിയെടുത്ത തോലും ചോരയൊട്ടിപ്പിടിച്ച എല്ലുകളും കശാപ്പുശാലയിലെ അറവു മാംസം കൊത്തിയരിഞ്ഞു കൂടുകളിൽ കെട്ടിപ്പൊതിഞ്ഞതുപോലെ തോന്നിപ്പിച്ചു.
കുലുക്കമില്ലാതെ ഒാമന
അതൊരു മനുഷ്യന്റേതാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം അവിശ്വസനീയതോടെ ഡോ.ഒാമനയെ നോക്കി. അപ്പോഴും ഒന്നും മിണ്ടാതെ, ഒരു ഭാവഭേദവുമില്ലാതെ പോലീസുകാർ ചെയ്യുന്നതെല്ലാം നോക്കി നിൽക്കുകയായിരുന്നു ഒാമന. തുടർന്ന് എന്താണ് സംഭവിച്ചതെന്നു പോലീസ് ഒാമനയോടു ചോദിച്ചു.
വലിയ ഭാവഭേദമൊന്നില്ലാതെ നടന്ന സംഭവങ്ങൾ മുഴുവൻ ഒാമന വിവരിച്ചു തുടങ്ങി. ഹോട്ടൽ മുറിയിൽ നടന്ന സംഭവങ്ങൾ അവർ വിവരിക്കുന്നതു കേട്ടപ്പോൾ തലപെരുത്തുനിന്നു ഉദ്യോഗസ്ഥർ. സാധാരണ മാനസികാവസ്ഥയല്ല ഡോ.ഒാമനയെ ഭരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ചെയ്ത കാര്യത്തെക്കുറിച്ചു യാതൊരു പശ്ചാത്താപവും അവരിൽ പ്രകടമായി കണ്ടില്ല.
ഒറ്റയ്ക്കു ചെയ്തതോ?
രണ്ടു പതിറ്റാണ്ടുകൾക്കു മുന്പു നടന്ന ഒരു ഭീകര കൊലപാതകം പുതിയ തലമുറയ്ക്ക് അത്ര പരിചയമില്ല. പഴയ തലമുറ അതു മറന്നുപോവുകയും ചെയ്തു. അത്യപൂർവമെന്നു പറയാവുന്ന ഒരു കുറ്റകൃത്യമായിരുന്നു ഇത്.
പ്രത്യേകിച്ചു നമ്മുടെ രാജ്യത്ത്. കാമുകനായ യുവാവിനെ, യുവതിയും സാമൂഹികപ്രവർത്തകയുമായ ഒരു ഡോക്ടർ ഒറ്റയ്ക്കു റെയിൽവേ സ്റ്റേഷന്റെ വിശ്രമമുറിയിൽവച്ചു കൊലപ്പെടുത്തിയെന്നും മൃതദേഹം കഷണങ്ങളാക്കി മുറിച്ചു സ്യൂട്ട്കേസിലടച്ച് കൊടൈക്കനാലിലെ കൊക്കയിൽ കൊണ്ടു പോയി തള്ളാൻ ശ്രമിച്ചുവെന്നുമൊക്കെ അവർ ഏറ്റു പറഞ്ഞപ്പോഴും ഇവർ ഒറ്റയ്ക്ക് ആയിരിക്കുമോ ഇതെല്ലാം ചെയ്തതെന്ന സംശയമാണ് പോലീസിനു ബാക്കിയുണ്ടായിരുന്നത്.
എന്നാൽ, വിശദമായ അന്വേഷണത്തിൽ മറ്റാർക്കും സംഭവത്തിൽ പങ്കുണ്ടെന്നു കണ്ടെത്താൻ പോലീസിനു കഴിഞ്ഞില്ല. മാത്രമല്ല, അവർ താൻ തനിയെയാണ് ഇതെല്ലാം ചെയ്തെന്നു പോലീസിനോടു സമ്മതിച്ചു. എന്നാൽ, ഇടയ്ക്കു ജാമ്യത്തിൽ പുറത്തിറങ്ങിയതോടെ അവരിലെ ക്രിമിനൽ വീണ്ടും ഉണർന്നു.
പോലീസിനെയും നിയമവ്യവസ്ഥകളെയും സമർഥമായി കബളിപ്പിച്ച് അവർ അപ്രത്യക്ഷയായി. ഇപ്പോൾ രണ്ടു പതിറ്റാണ്ട് പിന്നിട്ടു. ഒാമന എവിടെയാണെന്ന് ഇന്റർപോളിനു പോലും അറിയില്ല. പയ്യന്നൂർ സ്വദേശിനിയും നേത്രരോഗവിദഗ്ധയുമായ ഡോ. ഓമന മാത്രമാണ് കേസിലെ ഒരേയൊരു പ്രതി.
കൊല്ലപ്പെട്ടത് അവരുടെ സുഹൃത്തെന്നു പറയുന്ന പയ്യന്നൂരിലെതന്നെ സിവിൽ കോൺട്രാക്ടർ മുരളിയെന്ന മുരളീധരനും. ഒാമന എവിടെയാണെന്നുള്ള അന്വേഷണം ഏറെക്കാലം പോലീസ് പല തലത്തിൽ നടത്തി. ഇതിനിടെ മലേഷ്യയിൽനിന്നൊരു വാർത്ത വന്നു.
(തുടരും)
തയാറാക്കിയത്: എൻ.എം