ആലപ്പുഴ: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത രോഗിയുടെ കാല് വീണ്ടും കീറിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് നിര്‍ദേശം നല്കി. ജനറല്‍ ആശുപത്രി സൂപ്രണ്ട് എസ്. ശ്രീദേവിയോടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്. ആലപ്പുഴ പാലസ്വാര്ഡ് താഴത്തുപറമ്പില്‍ വീട്ടില്‍ മനോഹരന്റെ ഇടതുകാലാണ് ഡോക്ടര്‍ വീണ്ടും കീറിയത്. കുപ്പിച്ചില്ലുകൊണ്ട് കാലില്‍ മുറിവേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ 16നാണ് മനോഹരന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. മുറിവുണങ്ങിയതിനെത്തുടര്ന്ന് ശനിയാഴ്ച മനോഹരനെ പരിശോധിച്ച ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
എന്നാല്‍ മറ്റൊരു ഡോക്ടര്‍ ഇയാളെ തിരിച്ചുവിളിച്ച് കാലില്‍ പഴുപ്പുണ്ടെന്നുപറഞ്ഞ് വീണ്ടും കാല് കീറുകയായിരുന്നു. തന്നെ വീട്ടിലെത്തി വേണ്ടതുപോലെ കണ്ടില്ലെന്നാരോപിച്ചാണ് മനോഹരന്റെ കാല് ഡോക്ടര്‍ വീണ്ടും കീറിയതെന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ബിജു കുറ്റിക്കലിനെതിരെയാണ് ഇത് സംബന്ധിച്ച് പരാതിയുയര്‍ന്നത്. സംഭവം സംബന്ധിച്ച് മനോഹരന്റെ മകള്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനും ആലപ്പുഴ സൗത്ത് പോലീസിനും പരാതി നല്‍കിയിരുന്നു. ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് നടപടികള്‍ സ്വീകരിക്കുക.