കണ്ണൂർ: ഒഴിവുദിനങ്ങളിൽ ഡോക്ടറില്ലെന്ന പരാതിയുണ്ടെങ്കിൽ പരിഹാരമുണ്ട്. വരൂ, ഡോക്ടർ പോലീസ് സ്റ്റേഷനിലുണ്ട്. ഞായറാഴ്ചകളിലുൾപ്പെടെ കണ്ണൂർ നഗരത്തിൽ ഡോക്ടറുടെ സേവനം ലഭിച്ചില്ലെങ്കിൽ ചികിത്സ തേടാൻ നേരേ ടൗൺ പോലീസ് സ്റ്റേഷനിലെത്തുക. സേവനം സൗജന്യം.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ഇനിമുതൽ ശിശുരോഗ വിദഗ്ധരുടെ സൗജന്യ സേവനം ലഭ്യമാകും. ഒഴിവുദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12 വരെയാണ് പരിശോധന. ചികിത്സയ്ക്ക് കൂടുതൽ പേർ എത്തിയാൽ ടോക്കൺ നൽകി തിരക്ക് നിയന്ത്രിക്കും.
ഞായറാഴ്ചകളിലും മറ്റ് ഒഴിവുദിവസങ്ങളിലും ഡോക്ടറുടെ സേവനം നഗരത്തിൽ ലഭ്യമാകുന്നില്ലെന്ന വ്യാപക പരാതിയെത്തുടർന്ന് ടൗൺ സ്റ്റേഷൻ ഓഫീസർ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് ഈ ജനകീയ പദ്ധതിക്കു രൂപംനൽകിയത്.
ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക് കണ്ണൂർ യൂണിറ്റിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എം.കെ. നന്ദകുമാർ, അജിത് സുഭാഷ്, അൻസാരി, രവീന്ദ്രൻ, രാജീവൻ, പ്രശാന്ത്, അജിത് മേനോൻ തുടങ്ങിയ 18 ഡോക്ടർമാരാണ് ഓരോ ഒഴിവുദിവസവും സേവനത്തിനെത്തുക. സ്ത്രീകൾക്ക് സഹായമായി ഒരു വനിതാ പോലീസിന്റെ സേവനവും ഉണ്ടായിരിക്കും.
സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനുള്ള ശീതീകരിച്ച മുറിയും സജ്ജമാണ്.
ആദ്യദിനമായ ഇന്നലെ ചികിത്സ തേടിയെത്തിയത് 12 പേരാണ്. ഇതോടെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ, സൗജന്യചികിത്സ നൽകുന്ന രാജ്യത്തെ ആദ്യ പോലീസ് സ്റ്റേഷനായി.
ടൗൺ പോലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. ശ്രീമതി എംപി അധ്യക്ഷത വഹിച്ചു.